രഞ്ജി ട്രോഫി; കേരളത്തിനെതിരെ ബം​ഗാളിന് ബാറ്റിങ് തകർച്ച, ആറ് വിക്കറ്റിന് 172

കേരളത്തിനായി ആദിത്യ സർവാതെ മൂന്നും എൻ.പി ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി

Update: 2026-10-26 12:38 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കരുത്തരായ ബംഗാളിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബം​ഗാൾ. കേരളത്തിന് വേണ്ടി ആദിത്യ സർവാതെ മൂന്നും എൻ.പി ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മഴയെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുർ പോളും ചേർന്ന് അതിവേ​ഗ തുടക്കമാണ് ബംഗാളിന് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് വീണു. പത്ത് റൺസെടുത്ത അഭിമന്യു ഈശ്വരൻ എം.ഡി. നിധീഷിന്റെ പന്തിൽ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ആമിർ ഗാനിയും അങ്കുർ പോളും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത ആമിർ ഗാനിയെ പുറത്താക്കി എൻ.പി. ബേസിലാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. മറുവശത്ത് അനായാസം സ്കോറിങ് തുടർന്ന് അങ്കുർ പോൾ 64 പന്തുകളിൽ അർധസെഞ്ച്വറി പൂർത്തിയാക്കി.

Advertising
Advertising

എന്നാൽ ആദിത്യ സർവാടയെ വീണ്ടും പന്തേൽപ്പിച്ച ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ തന്ത്രം ഫലം കണ്ടു. 66 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന അങ്കുർ പോളിനെ അഭിഷേക് പി. നായരുടെ കൈകളിൽ എത്തിച്ച സർവാടെ, അടുത്ത ഓവറിൽ സുധീപ് ചാറ്റർജിയെയും അഭിഷേക് പോറലിനെയും പുറത്താക്കി. ആറ് റൺസെടുത്ത സുധീപ് ചാറ്റർജി സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ അഭിഷേക് പോറലിനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ സർവാടെ തന്നെ പുറത്താക്കി. ഇതോടെ അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ഓവറിലാണ് പുറത്തായത്. എൻ.പി. ബേസിലിന്റെ പന്തിൽ അഭിഷേക് നായർ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്. 

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News