ശ്രീനഗർ: ക്രിക്കറ്റ് മത്സരത്തിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിനിടെ കാണിയെ മർദിച്ച് പ്രമുഖ കശ്മീരി ക്രിക്കറ്റ് താരം ജഹാംഗീർ ലോൺ. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന റെഡ് പ്രീമിയർ ലീഗ് (ആർപിഎൽ) സെമിഫൈനൽ മത്സരത്തിന് ശേഷമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗ്രൗണ്ടിലിട്ട് കാണിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു.
കഴിഞ്ഞ ഞായറാഴ്ച അത്വാസ് ഇന്ത്യ ഇലവനും റോയൽ ഗുഡ്വിൽ സിസിയും തമ്മിലായിരുന്നു സെമിഫൈനൽ പോരാട്ടം. മത്സരത്തിൽ റോയൽ ഗുഡ്വിൽ സിസിയെ മൂന്ന് വിക്കറ്റുകൾക്ക് അത്വാസ് ഇന്ത്യ ഇലവൻ പരാജയപ്പെടുത്തി. തുടർന്ന് വിജയാഘോഷവുമായി എതിർ ടീമിന്റെ ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം.
റോയൽ ഗുഡ്‌വിൽ സിസിക്ക് വേണ്ടി കളിച്ച ജഹാംഗീർ ലോൺ, വെള്ള സ്വെറ്റ്ഷർട്ടും ജീൻസും ധരിച്ച ഒരു കാണിയെ തള്ളിയിടുകയും നിലത്തുവീണ ഇയാളെ തുടരെത്തുടരെ മർദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒപ്പമുണ്ടായിരുന്നവർ താരത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രകോപനത്തിന് കാരണം അമ്മയെ അധിക്ഷേപിച്ചതെന്ന് താരം
സംഭവത്തിൽ വിശദീകരണവുമായി ജഹാംഗീർ ലോൺ രംഗത്തെത്തി. പരാജയത്തിന് പിന്നാലെ ടീം പവലിയനിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും എതിർ ടീമിന്റെ ആരാധകർ മൈതാനത്തെത്തി തന്നെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയായിരുന്നെന്നും ലോൺ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
തന്റെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അസഭ്യവാക്കുകൾ കാണി ഉപയോഗിച്ചതാണ് നിയന്ത്രണം വിടാൻ കാരണമായതെന്ന് ലോൺ വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ലെന്നും ആ നിമിഷത്തെ കടുത്ത ദേഷ്യത്തിലാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ 'എന്റെ കുടുംബം! എന്റെ അഭിമാനം' എന്ന കുറിപ്പും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
സംഭവത്തിൽ ക്രിക്കറ്റ് താരത്തിനെതിരെ കർശന അച്ചടക്ക നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, കുടുംബത്തെ അധിക്ഷേപിച്ചാൽ നോക്കിനിൽക്കാനാവില്ലെന്ന് വാദിച്ച് താരത്തെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.