വെടിക്കെട്ട് സെഞ്ച്വറിയുമായി വിഷ്ണു വിനോദ്; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് അനായാസ ജയം

84 പന്തിൽ 13 ഫോറും 14 സിക്‌സറുമടക്കം 162 റൺസടിച്ച വിഷ്ണു പുറത്താകാതെ നിന്നു

Update: 2026-01-06 11:40 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായി രണ്ടാം ജയം. പോണ്ടിച്ചേരിയെ എട്ട് വിക്കറ്റിനാണ് തോൽപ്പിച്ചത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ പോണ്ടിച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം 29 ഓവറിൽ കേരളം അനായാസം മറികടന്നു. 84 പന്തിൽ 162 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്‌കോർ-പോണ്ടിച്ചേരി - 47.4 ഓവറിൽ 247, കേരളം - 29 ഓവറിൽ 252/2

ടോസ് നേടിയ കേരള ക്യാപ്റ്റൻ പോണ്ടിച്ചേരിയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. മികച്ച റൺറേറ്റോടെ തുടക്കമിട്ട പോണ്ടിച്ചേരിയെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം.ഡി നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങിലൂടെ കേരളം പിടിച്ചുകെട്ടുകയായിരുന്നു. 25 റൺസെടുത്ത നെയാൻ കങ്കയാന്റെ വിക്കറ്റാണ് പോണ്ടിച്ചേരിക്ക് ആദ്യം നഷ്ടമായത്. ജസ്വന്ത് ശ്രീരാമും അജയ് റൊഹേരയും ചേർന്ന് 70 പന്തുകളിൽ 81 റൺസ് കൂട്ടിച്ചേർത്തു. അജയ് റൊഹേര 53-ഉം ജസ്വന്ത് ശ്രീരാം 57-ഉം റൺസെടുത്തു.

Advertising
Advertising

പിന്നീടെത്തിയ ക്യാപ്റ്റൻ അമൻ ഖാൻ മികച്ച തുടക്കമിട്ടെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ കളിയുടെ ഗതി തങ്ങൾക്ക് അനുകൂലമാക്കി. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 156 റൺസെന്ന നിലയിലായിരുന്ന പോണ്ടിച്ചേരി 48-ാം ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. പോണ്ടിച്ചേരിക്ക് വേണ്ടി അമൻ ഖാൻ 27-ഉം വിഘ്നേശ്വരൻ മാരിമുത്തു 26-ഉം ജയന്ത് യാദവ് 23-ഉം റൺസെടുത്തു. എട്ട് ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത സഞ്ജുവിനെ പാർത്ഥ് വഗാനിയും എട്ട് റൺസെടുത്ത രോഹനെ ഭൂപേന്ദറുമാണ് പുറത്താക്കിയത്. എന്നാൽ തുടർന്ന് ഒത്തുചേർന്ന ബാബ അപരാജിത്ത്-വിഷ്ണു വിനോദ് സഖ്യം അനായാസ വിജയമൊരുക്കുകയായിരുന്നു. തുടക്കം മുതൽ ആഞ്ഞടിച്ച വിഷ്ണു വിനോദ് 36 പന്തുകളിൽ തന്നെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 14-ാം ഓവറിൽ കേരളത്തിന്റെ സ്‌കോർ 100 കടന്നു. വെറും 63 പന്തുകളിലാണ് വിഷ്ണു വിനോദ് സെഞ്ച്വറി തികച്ചത്. പാർത്ഥ് വഗാനി എറിഞ്ഞ 26-ാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയാണ് വിഷ്ണു വിനോദ് കേരളത്തിന്റെ സ്‌കോർ 200 കടത്തിയത്. ഇതിനിടയിൽ ബാബ അപരാജിത്തും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 29 ഓവറിൽ തന്നെ കേരളം ലക്ഷ്യത്തിലെത്തി.

84 പന്തുകളിൽ 13 ബൗണ്ടറികളും 14 സിക്സും അടക്കം 162 റൺസുമായി വിഷ്ണു വിനോദും 69 പന്തുകളിൽ നിന്ന് 63 റൺസുമായി ബാബ അപരാജിത്തും പുറത്താകാതെ നിന്നു. മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്നതിന്റെ റെക്കോർഡ് വിഷ്ണു വിനോദ് വീണ്ടും തന്റെ പേരിലാക്കി. 2019ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു സ്ഥാപിച്ച 11 സിക്സിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News