മിന്നല്‍ ബ്ലാസ്റ്റേഴ്സ്; പത്ത് ഗോള്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ് വനിതകള്‍

നേരത്തെ ലീഗിലെ ആദ്യ മത്സരത്തില്‍ എമിറ്റേറ്റ് എഫ്.സിയെയും കേരളം എതിരില്ലാത്ത പത്ത് ഗോളിന് തകര്‍ത്തിരുന്നു.

Update: 2022-08-12 13:46 GMT

കേരള വിമന്‍സ് ലീഗില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും മിന്നും ജയം. എസ്.ബി.എഫ്.എ പൂവാറിനെയാണ് എതിരില്ലാത്ത പത്ത് ഗോളിന് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. നേരത്തെ ലീഗിലെ ആദ്യ മത്സരത്തില്‍ എമിറ്റേറ്റ് എഫ്.സിയെയും കേരളം എതിരില്ലാത്ത പത്ത് ഗോളിന് തകര്‍ത്തിരുന്നു.

ആദ്യപകുതിയില്‍ തന്നെ ഏഴ് ഗോളുകളടിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ബാക്കി മൂന്ന് ഗോളുകള്‍ കൂടി കണ്ടെത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായ് സിവിഷ ഹാട്രിക്ക് നേടിയപ്പോള്‍ ഗാഥ, നിധിയ എന്നിവര്‍ രണ്ട് ഗോള്‍ വീതമടിച്ചു. കിരണ്‍, അശ്വതി, കൃഷ്ണപ്രിയ എന്നിവര്‍ ഓരോ തവണ വീതവും വല കുലുക്കി.

Advertising
Advertising

ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ കിരണിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അക്കൌണ്ട് തുറന്നത്. 13-ാം മിനിറ്റില്‍ ഗാഥയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീടങ്ങോട്ട് ആദ്യ പകുതി തീരുന്നതുവരെ കൃത്യമായ ഇടവേളകളില്‍ ഗോള്‍ വീണുകൊണ്ടേയിരുന്നു.

17-ാം മിനിറ്റില്‍ സിവിഷയും 22-ാം മിനിറ്റില്‍ അശ്വതിയും 36-ാം മിനിറ്റില്‍ കൃഷ്ണപ്രിയയും ഗോള്‍ കണ്ടെത്തി. 40-ാം മിനിറ്റില്‍ സിവിഷ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു. ആദ്യപകുതി അവസാനിക്കാനിരിക്കെ ഗാഥയും തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തി.

രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി നിധിയ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് ഒന്‍പതാക്കി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സിവിഷയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സിവിഷയുടെ ഹാട്രിക് കൂടിയായിരുന്നു അത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News