ചെന്നൈയുടെ പ്ലേയോഫ് മോഹങ്ങൾ അവസാനിച്ചോ? ; 7 വിക്കറ്റ് ജയവുമായി ലക്നൗ

മിച്ചൽ മാർഷിന് അർധ സെഞ്ച്വറി 90 (38)

Update: 2026-05-15 17:43 GMT

ലക്നൗ : സീസണിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്. ലക്നൗ ഹോം ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി. ലക്നൗവിനായി മിച്ചൽ മാർഷ് അർധ സെഞ്ച്വറി നേടി.

യുവതാരം കാർത്തിക് ശർമയുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ചെന്നൈ 187 എന്ന ഭേദപ്പെട്ട ടോട്ടലിൽ എത്തുന്നത്. 42 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 71 റൺസാണ് കാർത്തിക് നേടിയത്. നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഒരിക്കൽ കൂടി നിറം മങ്ങിയ മത്സരത്തിൽ 13 (9) മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. 20 പന്തിൽ 20 റൺസുമായി സഞ്ജു സാംസൺ പിന്നാലെ മടങ്ങി. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച ഉർവിൽ പട്ടേൽ 6 റൺസിന് മടങ്ങിയതോടെ 7.2 ഓവറിൽ 52ന് 3 എന്ന നിലയിലായിരുന്നു. പിന്നാലെ ഒന്ന് ചേർന്ന കാർത്തിക് ശർമ - ഡെവാൾഡ് ബ്രെവിസ് സഖ്യമാണ് ചെന്നൈ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. അവസാന ഓവറിൽ കൂറ്റൻ അടികൾ നടത്തി ശിവം ദുബെ കൂടി ചേർന്നതോടെ ചെന്നൈ 187 എന്ന ടോട്ടലിൽ എത്തി. ലക്നൗവിനായി ആകാശ് സിങ് മൂന്നും മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

Advertising
Advertising

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് മുതൽ മാർഷ് ആഞ്ഞടിക്കാൻ തുടങ്ങി. മാറി മാറി ഗെയ്ക്‌വാദ് പരീക്ഷിച്ച ബോളർമാർ ഒക്കെ നന്നായി തല്ല് കൊണ്ടു. അൻഷുൽ കാംബോജിനെ ഒരോവറിൽ നാല് തവണ താരം സിക്സിന് പറത്തി. പവർ പ്ലേ കഴിഞ്ഞിട്ടും അതെ മൊമന്റം തുടർന്ന മാർഷ് ഒരു സെഞ്ച്വറിയിലേക്ക് ബാറ്റ് വീശി, അതിനിടെ ജോഷ് ഇൻഗ്ലീസിനെ ഉർവിൽ പട്ടേലിന്റെ കയ്യിലെത്തിച്ച് മുകേഷ് ചൗധരി ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ അനാവശ്യ റൺ ഔട്ടിന് ശ്രമിച്ച മിച്ചൽ മാർഷ് സെഞ്ച്വറി തികക്കും മുമ്പ് പുറത്തായി. 38 പന്തിൽ 9 ബൗണ്ടറിയും 7 സിക്സുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അബ്ദുൽ സമദിനെ ക്ലീൻ ബൗൾഡാക്കി സ്‌പെൻസർ ജോൺ സൺ ഒരു മടങ്ങി വരവിന്റെ സൂചനകൾ നൽകിയെങ്കിലും നിക്കോളാസ് പൂരനും മുകുൾ ചൗധരിയും ചേർന്ന് ലക്നൗവിനെ വിജയതീരത്തെത്തിച്ചു.

ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നിവർക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങൾ. പ്ലേയോഫ് പ്രവേശനം ഉറപ്പ് വരുത്താൻ ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരവും വിജയിച്ചേ മതിയാവൂ. നേരത്തെ പുറത്തായ ലക്നൗവിന് രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നിവരുമായാണ് മത്സരങ്ങളുള്ളത്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News