അനില്‍ കുംബ്ലെ സ്ഥാപിച്ച റെക്കോർഡിനൊപ്പം രവീന്ദ്ര ജഡേജ

രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്

Update: 2023-02-19 15:52 GMT
Editor : rishad | By : Web Desk

രവീന്ദ്ര ജഡേജ

Advertising

ന്യൂഡല്‍ഹി: ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് രവീന്ദ്ര ജഡേജ ഡല്‍ഹിയില്‍ കുറിച്ചിട്ടത്. മത്സരത്തിലൂടെ അപൂര്‍വ നേട്ടത്തിനുടമയാകാനും ജഡേജക്കായി. രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ഇതില്‍ രണ്ടാം ഇന്നിങ്സിലായിരുന്നു ജഡേജ മികവ് പുറത്തെടുത്ത്, ഏഴ് വിക്കറ്റുകള്‍.

ജഡേജ വീഴ്ത്തിയ ഏഴുവിക്കറ്റില്‍ അഞ്ചും ക്ലീന്‍ ബൗള്‍ഡായിരുന്നു. ഇതോടെ ഒരിന്നിങ്‌സില്‍ അഞ്ചുപേരെ ക്ലീന്‍ ബൗള്‍ഡാക്കിയ അനില്‍ കുംബ്ലെ സ്ഥാപിച്ച റെക്കോര്‍ ഡിനൊപ്പം ജഡേജയെത്തി. 21 വര്‍ഷത്തിനുശേഷമാണ് ഒരു സ്പിന്നര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് പേരെ ക്ലീന്‍ ബൗള്‍ഡാക്കുന്നത്. 1992-ല്‍  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കുംബ്ലെ ആദ്യമായി ഈ നേട്ടത്തിലെത്തിയത്. പാകിസ്താന്‍ പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍ക്കും ഇങ്ങനെയൊരു നേട്ടമുണ്ട്. അത് പേസ്  ബൗളിങിലാണെന്ന് മാത്രം. 

ജഡേജയെയായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 115 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്.

അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News