വൈഭവിന് അർധ സെഞ്ച്വറി; ചെന്നൈക്കെതിരെ രാജസ്ഥാന് ആറ് വിക്കറ്റ് ജയം
സഞ്ജു സാംസൺ 41 റൺസുമായി മികച്ച പിന്തുണ നൽകി
ന്യൂഡൽഹി: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈഭവ് സൂര്യവൻഷി അർധ സെഞ്ച്വറിയുമായി(33 പന്തിൽ 57) ടോപ് സ്‌കോററായി. മലയാളി താരം സഞ്ജു സാംസൺ(31 പന്തിൽ 41), യശസ്വി ജയ്‌സ്വാൾ(19 പന്തിൽ 36), ധ്രുവ് ജുറേൽ(12 പന്തിൽ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നർ ആർ അശ്വിൻ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ പ്ലേഓഫിൽ നിന്ന് പുറത്തായ രാജസ്ഥാന് വിജയത്തോടെ സീസൺ അവസാനിപ്പിക്കാനായി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തിൽ 43) ഡെവാൾഡ് ബ്രേവിസിന്റേയും(25 പന്തിൽ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ശിവം ദുബെ(32 പന്തിൽ 39) റൺസെടുത്തു. തുടക്കത്തിലെ മികച്ച റൺറേറ്റ് അവസാനം നിലനിർത്താനാവാതിരുന്നത് സിഎസ്‌കെക്ക് തിരിച്ചടിയായി. ഡെത്ത്ഓവറുകളിൽ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് മുൻ ചാമ്പ്യൻമാരെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോണി 17 പന്തിൽ 16 റൺസെടുത്ത് പുറത്തായി. മധ്വാൾ,യുധ്‌വിർ സിങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണിൽ രാജസ്ഥാന്റെ നാലാം ജയമാണിത്.
ചെന്നൈ ലക്ഷ്യം തേടിയിറങ്ങിയ ആർആറിന് ഓപ്പണർമാരായ ജയ്‌സ്വാളും വൈഭവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങിൽ ഇരുവരും 37 റൺസ് കൂട്ടിചേർത്തു. ജയ്‌സ്വാളിന് സിംഗിൾ നൽകി സെൻസിബിൾ ഇന്നിങ്‌സ് കളിച്ച് തുടങ്ങിയ 14 കാരൻ വൈഭവ് പിന്നീട് ടീമിന്റെ ചേസിങ് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. സഞ്ജു സാംസൺ മികച്ച ഷോട്ടുകളുമായി പിന്തുണ നൽകിയതോടെ ലക്ഷ്യം എളുപ്പമായി. 13.2 ഓവറിൽ 135 സ്‌കോറിൽ നിൽക്കെ സഞ്ജു മടങ്ങിയെങ്കിലും ധ്രുവ് ജുറേൽ ടീമിനെ വിജയതീരത്തെത്തിച്ചു. 31 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം സഞ്ജു 41 റൺസെടുത്തു. 33 പന്തിൽ 4 വീതം ഫോറും സിക്‌സറും സഹിതമാണ് വൈഭവ് അർധ സെഞ്ച്വറി(57) തികച്ചത്.