രാജസ്ഥാൻ വിടാനൊരുങ്ങി സഞ്ജു; ടീമിൽ തുടരാൻ താൽപര്യമില്ലെന്ന് ടീമിനെ അറിയിച്ചതായി റിപ്പോർട്ട്

പോയ സീസൺ ഐപിഎല്ലിൽ ഒൻപതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

Update: 2025-08-07 15:03 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസൺ തുടരില്ലെന്ന് റിപ്പോർട്ട്. ടീം വിടാൻ മലയാളി താരം സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിൽ നേരത്തെ വാർത്തയുണ്ടായിരുന്നു. ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് ആർആർ ക്യാപ്റ്റൻ കൂടിയായ സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചതായാണ് വിവരം. ടീം റിലീസ് ചെയ്താൽ അടുത്ത മിനി ലേലത്തിൽ സഞ്ജുവിനെ മറ്റു ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാകും.

പരിശീലകൻ രാഹുൽ ദ്രാവിഡ് എടുത്തുന്ന തീരുമാനങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നതായി കഴിഞ്ഞ സീസണിൽ പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റയാൽ പരാഗാണ് തുടക്കത്തിലെ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. അതേസമയം, സഞ്ജുവിന് ആർആർ വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2027 വരെ ടീമുമായി കറാറുള്ളതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്താൽ മാത്രമാകും മറ്റു ടീമിലേക്ക് ചേക്കേറാനാകുക.

Advertising
Advertising

എന്നാൽ ടീമിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് താരം അറിയിച്ചാൽ മാനേജ്‌മെന്റ് താരത്തെ റിലീസ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതൽ. ദീർഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന മലയാളി താരം മികച്ച പ്രകടനമാണ് ആർആറിനൊപ്പം പുറത്തെടുത്തത്. നിലവിൽ എംഎസ് ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈയുടെ പ്രധാന ടാർഗെറ്റ് സഞ്ജുവായിരുന്നു. താരത്തെ ലഭിക്കാത്തപക്ഷം കെഎൽ രാഹുലിനായും മഞ്ഞപ്പട ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അടുത്ത സീസണിനായി പുതിയ നായകനെ നേടുന്നുണ്ട്. പോയ സീസണിൽ 14 മാച്ചിൽ നാല് ജയം മാത്രം സ്വന്തമാക്കിയ ആർആർ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News