ശ്രേയസ് അയ്യർ ആശുപത്രി വിട്ടു; സ്ഥിരീകരിച്ച് ബിസിസിഐ
ഒരാഴ്ച്ചക്ക് ശേഷമാണ് താരം ആശുപത്രി വിടുന്നത്
മുംബൈ: വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ആശുപത്രി വിട്ടതായി സ്ഥിരീകരിച്ച് ബിസിസിഐ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ശ്രേയസിന് പരിക്കേൽക്കുന്നത്. പിന്നീട് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു
ഒക്ടോബർ 25 ന് നടന്ന മത്സരത്തിൽ ഹർഷിത് റാണയുടെ ബോളിൽ അലെക്സ് കാരിയുടെ ഷോട്ട് ക്യാച്ചെടുക്കാൻ ശ്രമിക്കവെയാണ് ശ്രേയസിന് പരിക്കേൽക്കുന്നത്. തുടർന്ന് താരം ടീം ഫിസിയോയുടെ സഹായത്തോടെ ഡ്രെസ്സിംഗ് റൂമിലേക്ക് നടന്നു പോയെങ്കിലും പിന്നീട് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലീഹയിൽ മുറിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച്ചക്ക് ശേഷമാണ് താരം ആശുപത്രി വിടുന്നത്. പരിക്കിൽ നിന്ന് പൂർണമായും മുക്തനാവുന്നതു വരെ ശ്രേയസ് സിഡ്നിയിൽ തുടരും എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ആരോഗ്യസ്ഥിതി പുരോഗമിക്കുന്നുണ്ടെന്നും തനിക്കു പിന്തുണ അറിയിച്ചതിൽ കടപ്പാട് ഉണ്ടെന്നും ശ്രേയസ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അറിയിച്ചു. ''ഞാൻ ഓരോ ദിവസം കഴിയും തോറും സുഖം പ്രാപിച്ചുവരികയാണ്. എനിക്ക് ലഭിച്ച പിന്തുണയിൽ നന്ദി അറിയിക്കുന്നു. നിങ്ങൾ എന്നെ കുറിച്ച് ഓർക്കുന്നതിൽ ഒരുപാട് നന്ദി''. ശ്രേയസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.