'ഓരോ ദിവസവും സുഖം പ്രാപിച്ച് വരുന്നു, പിന്തുണയ്ക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ശ്രേയസിന്റെ സന്ദേശം
സിഡ്‌നി ഏകദിനത്തിൽ ക്യാച്ചെടുക്കുന്നതിനിടെ ശരീരം ഇടിച്ച് വീണാണ് താരത്തിന് പരിക്കേറ്റത്.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആദ്യമായി പ്രതികരിച്ചു. താൻ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ താരം പറഞ്ഞു.
— Shreyas Iyer (@ShreyasIyer15) October 30, 2025
സിഡ്‌നി ഏകദിനത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ശ്രേയസിന് വാരിയെല്ലിന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ത്യൻ ബാറ്ററെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 'ഓരോ ദിവസവും സുഖം പ്രാപിച്ച് വരികയാണ്. നിങ്ങൾ നൽകിയ ആശംസകൾക്കും, പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിനും നന്ദി'- സമൂഹ മാധ്യമ പോസ്റ്റിൽ താരം പറഞ്ഞു.
അണുബാധയുണ്ടാകാതിരിക്കാൻ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷം മാത്രമാകും താരത്തിന് ആശുപത്രി വിടാനാകുക. ബിസിസിഐയുടെ മെഡിക്കൽ ടീം സിഡിനിയിലെ വിദഗ്ധ ഡോക്ടർമാരുമായി നിരന്തരം സംസാരിച്ചുവരികയാണ്. ആശുപത്രി വിട്ടാലും മാസങ്ങളോളം താരത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ