മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് കവചം തീർത്ത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിതിനെതിരെയുളള വിമർശനം അതിരുകടന്നുവെന്ന് ഹർഭജൻ സിങ് വ്യക്തമാക്കി. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെയായിരുന്നു രോഹിത് ശർമ്മക്ക് നേരെ വിമർശനം കനത്തത്. എന്നിരുന്നാലും മിടുക്കനായ നായകനാണ് രോഹിത് എന്നും എല്ലാ തരത്തിലുള്ള പിന്തുണയും അദ്ദേഹം അർഹിക്കുന്നുണ്ടെന്നും ഹർഭജൻ പറഞ്ഞു.
ക്രിക്കറ്റ് എന്നതൊരു കൂട്ടായ്മയുടെ കളിയാണ്. ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാകില്ല. രോഹിതിന് ബി.സി.സി.ഐയുടെ പിന്തുണ ലഭിക്കുന്നുണ്ടാകണം. അദ്ദേഹത്തിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും അത്തരം പിന്തുണ ലഭിച്ചാൽ ശരിയായ സമയത്ത് തീരുമാനമെടുക്കാൻ അവനെ സഹായിക്കുമെന്നും ഹർഭജൻ പറഞ്ഞു.
രോഹിത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍ ഈയിടെ രംഗത്തെത്തിയിരുന്നു. രോഹിത് നിരാശപ്പെടുത്തുന്നു എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം ഇന്ത്യ മറ്റൊരു ടെസ്റ്റ് മത്സരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത്തും സംഘവും. ജൂലൈ 12നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ടെസ്റ്റ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി