വീണ്ടും അക്കർമാൻ, ഞെട്ടിച്ച് നെതർലൻഡ്‌സ്; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം- പണികിട്ടുമോ?

ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്കെല്ലാം ഇനിയും സാധ്യതകൾ മുന്നിലുള്ളതിനാൽ സെമി കടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്

Update: 2022-11-06 02:37 GMT
Editor : Shaheer | By : Web Desk
Advertising

അഡലൈഡ്: ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ വിജയലക്ഷ്യം. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്‌സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തു. ടൂർണമെന്റിൽ ഉടനീളം മികച്ച ഫോമിലുള്ള കോളിൻ അക്കർമാന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് നെതർലൻഡ്‌സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ 10 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്കെല്ലാം ഇനിയും സാധ്യതകൾ മുന്നിലുള്ളതിനാൽ സെമി കടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

മറുപടി ബാറ്റിങ്ങിൽ മൂന്നാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് പേസർ ഫ്രെഡ് ക്ലാസൻ ഞെട്ടിച്ചു. 13 പന്തിൽ 13മായി റൺ കണ്ടെത്താൻ വിഷമിച്ച ക്വിന്റൻ ഡീകോക്കിനെ ക്ലാസൻ വിക്കറ്റ് കീപ്പർ സ്‌കോട്ട് എഡ്വാഡ്‌സിന്റെ കൈയിലെത്തിച്ചു. പവർപ്ലേയിലെ അവസാന ഓവറിൽ നായകൻ തെംബ ബാവുമയും പുറത്ത്. 20 പന്തിൽ 20 റൺസെടുത്ത് വാൻ മീകെരെന്റെ പന്തിൽ ബൗൾഡായാണ് ബാവുമ മടങ്ങിയത്. മൂന്നാമനായെത്തി കരുതലോടെ തുടങ്ങിയ റിലി റൂസോയ്ക്കും അധികം ആയുസുണ്ടായില്ല. പത്താം ഓവറിൽ ബ്രൻഡൻ ഗ്ലോവറിന്റെ പന്തിൽ മാക്‌സ് ഒഡൗവ്ഡ് പിടിച്ച് റൂസോ പുറത്ത്. 19 പന്തിൽ രണ്ട് ഫോറുമായി 25 റൺസെടുത്താണ് താരം മടങ്ങിയത്. ഐഡൻ മാർക്രാമും ഡേവിഡ് മില്ലറുമാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ നെതർലൻഡ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ, ഡച്ച് പടയിൽ മുൻനിരയിൽ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതാണ് കണ്ടത്. ഓപണർമാരായ സ്റ്റീഫൻ മൈബർഗും മാക്‌സ് ഒഡൗവ്ഡും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 58 റൺസ് കൂട്ടിച്ചേർത്ത് ഒൻപതാം ഓവറിലാണ് ഓപണിങ് കൂട്ടുകെട്ട് പിരിയുന്നത്. പാർട്‌ടൈം ബൗളർ ഐഡൻ മാർക്രാമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ നൽകിയത്. മാർക്രാമിന്റെ പന്തിൽ റിലീ റൂസോയ്ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 37 റൺസായിരുന്നു മൈബർഗ് അടിച്ചെടുത്തിരുന്നത്.

12-ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ കഗിസോ റബാദയ്ക്ക് ക്യാച്ച് നൽകി ഒഡൗവ്ഡും മടങ്ങി. ഒരു സിക്‌സും ഫോറും സഹിതം 29 റൺസെടുത്താണ് താരം പുറത്തായത്. പിന്നീടാണ് മൂന്നാം വിക്കറ്റിൽ ടോം കൂപ്പറും കോളിൻ അക്കർമാനും ഒന്നിക്കുന്നത്. രണ്ടുപേരും ഒരു ദയയുമില്ലാതെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചുപറത്തുകയായിരുന്നു. ഒടുവിൽ 15-ാം ഓവർ വീണ്ടും കേശവ് മഹാരാജിന്റെ ബ്രേക്ത്രൂ. 19 പന്തിൽ രണ്ടുവീതം സിക്‌സും ഫോറും സഹിതം 35 റൺസ് അടിച്ചെടുത്താണ് താരം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങിയത്.

എന്നാൽ, അക്കർമാൻ നിർത്തിയില്ല. ആന്റിച്ച് നോർക്കിയയെയും കേശവിനെയും ബഹുമാനിച്ച് മറ്റുള്ള ബൗളർമാരെ തിരഞ്ഞുപിടിച്ചു തല്ലുകയായിരുന്നു താരം. ഡെത്ത് ഓവറുകളിൽ അടിച്ചുകളിച്ച് അക്കർമാൻ ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയും ചെയ്തു. 26 പന്തിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 41 റൺസെടുത്ത അക്കർമാൻ പുറത്താകാതെ നിന്നു.

Summary: T20 World Cup Super 12 Group 2: South Africa vs Netherlands live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News