ശ്രീലങ്കന്‍ താരം ഇസ്രു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

33-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം

Update: 2021-07-31 12:11 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയ്‌ക്കെതിരേയുള്ള ട്വന്റി-20 പരമ്പരയിലെ വിജയത്തിന്റെ മധുരം തീരും മുമ്പ് തന്നെ ശ്രീലങ്കൻ ക്രിക്കറ്റിനെ തേടി മറ്റൊരു നഷ്ടവാർത്തയെത്തി. അവരുടെ വിശ്വസ്തരായ ബോളർമാരിൽ ഒരാളായ ഇസ്രു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെറും 33 വയസിലാണ് താരം വിരമിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. '' പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറികൊടുക്കേണ്ട സമയമായെന്നാണ് എനിക്ക് തോന്നുന്നത്. - ഉഡാന വിരമിക്കൽ കുറിപ്പിലെഴുതി. ''രാജ്യത്തിന് വേണ്ടി കളിക്കാൻ പറ്റിയെന്നതിൽ അഭിമാനവും സ്‌നേഹവുമുണ്ട്- അദ്ദേഹം കൂട്ടിചേർത്തു.

ശ്രീലങ്കൻ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായ ഉഡാനയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകൾ അറിയിച്ചു. അതേസമയം ഫ്രാഞ്ചെസി ക്രിക്കറ്റ് കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലിൽ കോലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സിന്റെ താരമാണ് ഈ ഫാസ്റ്റ് ബോളർ.

ശ്രീലങ്കയ്ക്ക് വേണ്ടി 21 ഏകദിനങ്ങളും 35 ട്വന്റി-20കളും കളിച്ച ഉഡാന 45 വിക്കറ്റ് നേടിയിട്ടുണ്ട്. അതേസമയം ഇപ്പോൾ അവസാനിച്ച ഇന്ത്യയുമായുള്ള പരമ്പരയിൽ താരത്തിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.

അതേസമയം വെറും 33-ാം വയസിൽ ഉഡാന വിരമിച്ചത് ആഭ്യന്തര തർക്കങ്ങളിൽ തകർന്നു നിൽക്കുന്ന ശ്രീലങ്കൻ ടീമിന് കൂടുതൽ ആഘാതം നൽകുന്നതായി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News