'ആ ഷോട്ട് സെലക്ഷൻ പോരാ': രോഹിതിനും കോഹ്‌ലിക്കുമെതിരെ ഗവാസ്‌കർ

മത്സരത്തിൽ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിട്ടും കോഹ്‌ലി മികച്ച സ്‌കോർ നേടണമായിരുന്നുവെന്ന് ഗവാസ്‌കർ പറഞ്ഞു

Update: 2022-08-29 14:07 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നായകന്‍ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഷോട്ട് സെലക്ഷനിൽ ശ്രദ്ധ പുലർത്തേണ്ടതായിരുന്നുവെന്ന് മുന്‍ താരം സുനിൽ ഗവാസ്‌കർ. 148 റൺസ് പിന്തുടരുന്നതിനിടെ കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിതിന്റെയും വിരാടിന്റെയും 49 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അതിനിടെയാണ് രണ്ട് പേരും പുറത്താകുന്നത്. കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിക്കുന്നതിനിടെ രണ്ട് പേരെയും ഇടങ്കയ്യൻ പേസര്‍ മുഹമ്മദ് നവാസ് മടക്കുകയായിരുന്നു. ഇതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. മത്സരത്തിൽ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിട്ടും കോഹ്‌ലി മികച്ച സ്‌കോർ നേടണമായിരുന്നുവെന്ന് ഗവാസ്‌കർ പറഞ്ഞു. 'കോഹ്‌ലി മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ചില സമയത്തെ പുറത്താകൽ നിർഭാഗ്യകരമാകും. എന്നാൽ പാകിസ്താനെതിരെ അങ്ങനെയൊന്നും പറയാനാകില്ല. ഫഖർ സമാൻ തുടക്കത്തിൽ തന്നെ കോഹ്‌ലിയെ വിട്ടുകളഞ്ഞിരുന്നു'- ഗവാസ്‌കർ പറഞ്ഞു.

'കോഹ്‌ലിയുടെ ഇന്നിങ്‌സ് നോക്കുകയാണെങ്കിൽ മോശം പറയാനാകില്ല, എന്നിരുന്നാലും 60-70 റൺസ് കോഹ്‌ലിയിൽ നിന്നും പ്രതീക്ഷിച്ചു, രോഹിത് പുറത്തായതിന് പിന്നാലെ കോഹ് ലിയും മടങ്ങുകയായിരുന്നു. ആ സമയത്ത് അത്തരമൊരു ഷോട്ട് ആവശ്യമില്ലായിരുന്നു- ഗവാസ്കര്‍ വ്യക്തമാക്കി. മത്സരത്തിൽ 35 റൺസാണ് വിരാട് കോഹ് ലി നേടിയത്. 34 പന്തുകളിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. അതേസമയം രോഹിത് വേഗത്തിൽ മടങ്ങി. 18 പന്തുകൾ നേരിട്ട നായകൻ നേടിയത് 12 റൺസ് മാത്രം. ഒരു സിക്‌സറും രോഹിത് കണ്ടെത്തി. 

മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്താൻ ഉയർത്തിയ 148 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ഓവറിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തിൽ 33 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News