'ഗംഭീറിന് കീഴിലെ നവീനുൽ ഹഖിനെ നോക്കൂ': ഐ.പി.എല്ലിലെ ഇന്ത്യൻ പരിശീലകർക്ക് ഗവാസ്‌കറിന്റെ പ്രശംസ

ഇന്ത്യൻ പരിശീലകർക്ക് കീഴിൽ കളിക്കാർക്ക് വലിയ മാറ്റമാണ് സംഭവിച്ചതെന്നാണ് ഗവാസ്‌കർ പറയുന്നത്.

Update: 2023-05-23 13:26 GMT
Editor : rishad | By : Web Desk

ഗൗതം ഗംഭീർ- നവീനുൽ ഹഖ്‌

Advertising

മുംബൈ: ഐ.പി.എൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർകിങ്‌സ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് ആദ്യ നാലിൽ ഇടംനേടിയ ടീമുകൾ. ആദ്യ ക്വാളിഫയർ ഇന്ന് നടക്കാനിരിക്കെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ പങ്കുവെച്ചൊരു അഭിപ്രായമാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.

ഐപിഎല്ലിലെ ഇന്ത്യൻ പരിശീലകരെയാണ് ഗംഭീർ പുകഴ്ത്തുന്നത്. ഇന്ത്യൻ പരിശീലകർക്ക് കീഴിൽ കളിക്കാർക്ക് വലിയ മാറ്റമാണ് സംഭവിച്ചതെന്നാണ് ഗവാസ്‌കർ പറയുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിൽ റിങ്കു സിങ്, ലക്‌നൗ സൂപ്പർ ജയന്റസ് പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ അഫ്ഗാൻ താരം നവീനുൽ ഹഖ് എന്നിവരുടെ പ്രകടനങ്ങളാണ് ഗവാസ്‌കർ പ്രത്യേകം പറയുന്നത്. വെങ്കടേഷ് അയ്യരുടെയും വരുൺ ചക്രവർത്തിയുടെയും നായകനെന്ന നിലയിൽ നിതീഷ് റാണയുടെയും പ്രകടനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നതാണെന്നാണ് ഗവാസ്‌കർ പറയുന്നത്.

രവി ബിഷ്‌ണോയ്, ആയുഷ് ബദോനി, നവീനുൽ ഹഖ് എന്നിവർ ഗൗതം ഗംഭീറിന് കീഴിൽ തിളങ്ങിയെന്നും പ്രകടമായ മാറ്റം കണ്ടുവെന്നും ഗവാസ്‌കർ പറഞ്ഞു. വിദേശ പരിശീലകരുടെ കീഴിൽ പ്രാദേശിക കളിക്കാർക്ക് ഭാഷാ തടസം അനുഭവപ്പെടുന്നുണ്ടെന്നും അത്തരമൊരു തടസം ഒഴിവാക്കാൻ ഇന്ത്യൻ പരിശീലകർ തന്നെയാണ് നല്ലതെന്നും ഗവാസ്കര്‍ പറയുന്നു. ഐ.പി.എല്ലിൽ ഇതുവരെ നടന്ന പതിനഞ്ച് കിരീട നേട്ടത്തിൽ 12ഉം ഇന്ത്യക്കാരൻ നായകന്മാരായപ്പോഴായിരുന്നുവെന്നും ഗവാസ്‌കർ കുറിക്കുന്നു.

അതേസമയം ഐ.പി.എൽ ക്വാളിഫയറിലെ ആദ്യപോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ പോകുകയാണ്. നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിലെ ടേബിൾ ടോപ്പർമാരും ഗുജറാത്ത് ടൈറ്റൻസ് ആണ്. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News