ധോണിയില്ലെങ്കിൽ ഞാനുമുണ്ടാകില്ല; ഐപിഎല്ലിൽ നിന്ന് എപ്പോൾ വിരമിക്കുമെന്ന് വ്യക്തമാക്കി റെയ്‌ന

' എനിക്ക് ഒരു കാര്യം ഉറപ്പാണ് ഞാൻ ചെന്നൈക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ''.

Update: 2021-10-12 14:41 GMT
Editor : Nidhin | By : Web Desk
Advertising

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും സുരേഷ് റൈനയും തമ്മിലുള്ള സുഹൃത്ത് ബന്ധം ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. 14 വർഷത്തോളം അവർ ഇന്ത്യൻ ടീമിൽ ഒന്നിച്ചുകളിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിലും അവർ ഒന്നിച്ച് കളിക്കുന്നു. ധോണിയുടെ അഭാവത്തിൽ ചെന്നൈ ടീമിനെ പലപ്പോഴും നയിച്ചത് ചിന്നത്തല എന്ന് ആരാധകർ വിളിക്കുന്ന റെയ്‌നയായിരുന്നു.

2020 ഓഗസ്റ്റ് 15 ന് വൈകുന്നേരം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ റെയ്‌നയും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. അത്രയും ആത്മബന്ധമാണ് അവർ തമ്മിലുണ്ടായിരുന്നത്. ഐപിഎൽ 14-ാം സീസണിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നതിനിടെ ഐപിഎല്ലിൽ തന്റെ ഭാവി പദ്ധതികൾ വിശദീകരിക്കുകയാണ് റെയ്‌ന.

'' ഐപിഎല്ലിൽ എനിക്ക് മുന്നിൽ നാലോ അഞ്ചോ വർഷങ്ങൾ ബാക്കിയുണ്ട്, പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ് ഞാൻ ചെന്നൈക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ''. -റെയ്‌ന പറഞ്ഞു.

'' മറ്റൊരു കാര്യം ധോണിഭായി അടുത്ത സീസൺ കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല, 2008 മുതൽ ഞങ്ങൾ രണ്ടുപേരും ചെന്നൈക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇത്തവണ ചെന്നൈ കപ്പ് നേടിയാൽ അടുത്ത വർഷം കൂടി ചെന്നൈക്ക് വേണ്ടി കളിക്കാൻ ഞാൻ ധോണിയെ നിർബന്ധിക്കും, അദ്ദേഹം തയാറായില്ലെങ്കിൽ ഞാനും ഐപിഎല്ലിൽ നിന്ന് വിരമിക്കും''- റെയ്‌ന കൂട്ടിച്ചേർത്തു.

ന്യൂസ് 24 ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ കളിച്ച താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന.

അതേസമയം വിരമിക്കുന്ന കാര്യത്തിൽ ധോണി കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല. ധോണിയുടെ പല തീരുമാനങ്ങളും അപ്രതീക്ഷിതമായിരുന്നത് കൊണ്ട് തന്നെ ഇക്കാര്യത്തിലും അത്തരത്തിലൊന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News