2022ൽ ആകെയൊരു അർധശതകം: രാജസ്ഥാൻ റോയൽസിൽ റിയാൻ പരാഗ്‌ തുടരുന്നതിൽ അത്ഭുതം

ഈ സീസണിലെ നാല് മത്സരങ്ങളിലും എത്തിയ പരാഗ്, ആകെ നേടിയത് 39 റൺസ്.

Update: 2023-04-18 06:29 GMT
Editor : rishad | By : Web Desk

റിയാന്‍ പരാഗ്

Advertising

ജയ്പൂർ: ബാറ്റെടുത്താൽ പരാജയമാകുകയാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. കഴിഞ്ഞ സീസണിലെ മോശംഫോം 2023ലും തുടരുകയാണ് താരം. കഴിഞ്ഞ ഐ.പി.എൽ സീസണിൽ 17 മത്സരങ്ങളാണ് പരാഗ് കളിച്ചത്. നേടിയത് ഒരേയൊരു അർധ ശതകം മാത്രം. 183 റൺസെ താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാജസ്ഥാൻ റോയൽസിന്റെ ഒട്ടുമിക്ക മത്സരങ്ങളിലും പരാഗ് ആദ്യ ഇലവനിൽ ഉണ്ടാകും.

21 കാരനായ പരാഗിന്റെ അഞ്ചാമത്തെ ഐ.പി.എൽ ടൂർണമെന്റണിത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും തോറ്റതോടെയാണ് താരത്തിന്റെ സാന്നിധ്യംചോദ്യം ചെയ്ത് രാജസ്ഥാൻ റോയൽസ് ആരാധകർ രംഗത്ത് എത്തിയത്. രൂക്ഷമായ ട്രോളുകളിലൂടെയാണ് ആരാധകർ താരത്തെ നേരിടുന്നത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള താരങ്ങളും പരാഗിനെതിരെ വിമർശവുമായി രംഗത്ത് എത്തി. പരാഗ് പുറത്താകുന്ന രീതിയാണ് സെവാഗിനെ അമ്പരപ്പിക്കുന്നത്. വിക്കറ്റ് സമ്മാനിക്കുന്ന രീതിയിലാണ് താരം പുറത്താകുന്നതെന്നായിരുന്നു സെവാഗിന്റെ വിമർശനം.

ഈ സീസണിലെ നാല് മത്സരങ്ങളിലും എത്തിയ പരാഗ്, ആകെ നേടിയത് 39 റൺസ്. അതേസമയം പരാഗ് ഫോമിന് പുറത്താണെങ്കിലും രാജസ്ഥാൻ വിജയിക്കുന്നത് കാരണം ടീമിനെ ബാധിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ തുടർന്നാണ് അസംകാരനായ പരാഗിനെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിക്കുന്നത്. 2018-19 വിജയ് ഹസാരെ ട്രോഫിയിൽ അസമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് പരാഗായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 248 റൺസാണ് പരാഗ് നേടിയത്. 2018ലാണ് പരാഗ് രാജസ്ഥാൻ റോയൽസിലെത്തുന്നത്. 20 ലക്ഷത്തിനായിരുന്നു പരാഗിന്റെ ഐ.പി.എൽ പ്രവേശം.


 





2019ൽ ഒരു റെക്കോർഡ് സൃഷ്ടിക്കാനും പരാഗിനായിരുന്നു. ഐ.പി.എല്ലിൽ അർധശതകം തികയ്ക്കുന്ന പ്രായംകുറഞ്ഞ ബാറ്ററെന്ന ബഹുമതിയാണ് പരാഗിനെത്തേടിയെത്തിയത്. പരാഗ് അന്ന് രാജസ്ഥാനായി അർധശതകം നേടുമ്പോൾ പ്രായം 17 വയസും 175 ദിവസവുമായിരുന്നു. സഞ്ജു സാംസണും പൃഥ്വിഷായും അലങ്കരിച്ചിരുന്ന നേട്ടമായിരുന്നു പരാഗ് സ്വന്തം പേരിലാക്കിയിരുന്നത്. അർധശതക നേട്ടത്തോടെ പരാഗും തീർന്ന അവസ്ഥയാണിപ്പോൾ. 2022ലെ മെഗാലേലത്തിന് മുന്നോടിയായി താരത്തെ റിലീസ് ചെയ്‌തെങ്കിലും രാജസ്ഥാൻ റോയൽസ് തന്നെ തിരിച്ചുവിളിക്കുകയായിരുന്നു.

51 മത്സരങ്ങളാണ് രാജസ്ഥാനായി പരാഗ് കളിച്ചത്. ആകെ നേടിയത് 561 റൺസ്. 56 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ. രാജസ്ഥാന്റെ അടുത്ത മത്സരത്തിലും പരാഗിനെ കാണുമോ  എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News