'ഓസീസിനെതിരെ ആ താരം രണ്ട് സെഞ്ച്വറി നേടും'; വമ്പൻ പ്രവചനവുമായി ഹർഭജൻ സിങ്

ഈ മാസം 19ന് പെർത്തിലാണ് ഇന്ത്യ-ഓസീസ് പരമ്പരയിലെ ആദ്യ മത്സരം

Update: 2025-10-13 17:27 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ഇന്ത്യ- ആസ്‌ത്രേലിയ മത്സരത്തിന് മുൻപായി വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഈ മാസം 19 മുതലാണ് ഏകദിന പരമ്പരക്ക് തുടക്കമാകുക. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ചെറിയ ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകയും ഓസീസ് സീരിസിനുണ്ട്. ഇതോടൊപ്പം ശുഭ്മാൻ ഗില്ലിന്റെ ഏകദിനത്തിലേക്കുള്ള അരങ്ങേറ്റ പരമ്പരയുമാണ്.

സൂപ്പർ താരം വിരാട് കോഹ്‌ലി രണ്ട് സെഞ്ച്വറി സ്വന്തമാക്കുമെന്നാണ് ജിയോ ഹോട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞത്. ''വിരാടിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. കാരണം ഫിറ്റ്‌നെസിന്റെ കാര്യത്തിൽ അയാൾ ഗുരുവാണ്. അവൻ ചെയ്യുന്നതാണ് മറ്റുള്ളവർ പിന്തുടരുന്നത്. ഇപ്പോൾ ടീമിലുള്ള മറ്റ് പല താരങ്ങളെക്കാളും ഫിറ്റാണ് അവൻ. നിലവിൽ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ഏറ്റവും ഫിറ്റായ താരമെന്നു പറയുന്നതിലും തെറ്റില്ല' - അഭിമുഖത്തിൽ മുൻ ഇന്ത്യൻ താരം പറഞ്ഞു. ഇന്ത്യൻ ജഴ്‌സിയിൽ കോഹ്ലിയുടെ മടങ്ങിവരവിനായി ആരാധകർ ഏറെ കാലമായി കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിൽ. ഈ ഫോർമാറ്റിൽ ഇനിയും അവന് പലതും ചെയ്യാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ പോലും എനിക്ക് തോന്നിയത് ഇനിയും നാലോ അഞ്ചോ വർഷം ബാക്കിയുണ്ടെന്നാണ്. ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോർഡാണ് താരത്തിനുള്ളത്. അവിടെ അവൻ വീണ്ടും ചിലതൊക്കെ തെളിയിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിലെ മൈതാനങ്ങളിൽ കോഹ്‌ലി ടൺ കണക്കിന് റൺസ് അടിച്ചു കൂട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന പരമ്പരയിൽ രണ്ട് സെഞ്ചുറികളെങ്കിലും നേടുമെന്ന് ഉറപ്പാണ്- ഹർഭജൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് താരത്തിന് നല്ല പരിചയമാണെന്നും ഭാജി കൂട്ടിചേർത്തു.

ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ഏകദിന പരമ്പരയിൽ കളിക്കാനൊരുങ്ങുന്നത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കുന്നതിനാൽ ഓസീസ് സീരിസ് കോഹ്ലിക്കും രോഹിതിനും നിർണായകമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News