'എന്തെല്ലാം നേട്ടങ്ങൾ': സെഞ്ച്വറിയോടെ ഗില്ലിനെ തേടിയെത്തിയത്...

മത്സരത്തില്‍ ഗില്‍ നേടിയത് 60 പന്തില്‍ 129 റണ്‍സാണ്. ഇതില്‍ പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും.

Update: 2023-05-27 02:22 GMT
Editor : rishad | By : Web Desk
ശുഭ്മാന്‍ ഗില്‍
Advertising

അഹമ്മദാബാദ്: ഐ.പി.എല്‍ എലിമിനേറ്ററില്‍ തട്ടുതകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്നമാന്‍ ഗില്ലിനെ തേടിയെത്തിയത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍.

ഐ.പി.എല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗില്‍ അടിച്ചെടുത്തത്. വിരേന്ദര്‍ സെവാഗ് (122), ഷെയ്ന്‍ വാടസണ്‍ (117*), വൃദ്ധിമാന്‍ സാഹ (115*) എന്നിവര്‍ പിന്നിലായി. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 132* നേടിയ കെ.എല്‍ രാഹുലാണ് ഒന്നാമന്‍. തൊട്ടുപിന്നില്‍ ഗില്‍. റിഷഭ് പന്ത് (128*), മുരളി വിജയ് (127) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 2020 സീസണില്‍ ആര്‍സിബിക്കെതിരെയായിരുന്നു രാഹുല്‍ 132 റണ്‍സെടുത്തിരുന്നത്.

പ്ലേ ഓഫില്‍ ഏറ്റവും സിക്‌സുകള്‍ നേടുന്ന താരവും ഗില്‍ തന്നെ. 10 സിക്‌സുകളാണ് ഗില്‍ നേടിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമതായി ഗില്‍. വിരാട് കോലി (973), ജോസ് ബട്‌ലര്‍ (863) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (4+6) നേടുന്ന നാലാമത്തെ താരം കൂടിയായി ഗില്‍. 111 ബൗണ്ടറികളാണ് ഗില്‍ നേടിയത്. മത്സരത്തില്‍ 10 സിക്സറുകള്‍ പറത്തിയ ഗില്‍ ഒരു ഐപിഎല്‍ പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിനും അര്‍ഹനായി.

ഒരു ഐപിഎല്‍ സീസണില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്ലിനാണ്. 2016-ല്‍ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഒന്നാമത്. മത്സരത്തില്‍ ഗില്‍ നേടിയത് 60 പന്തില്‍ 129 റണ്‍സാണ്. ഇതില്‍ പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും. മത്സരത്തില്‍ 62 റണ്‍സിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News