'നമ്മുടെ താരങ്ങളെ വലിച്ചിഴക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു, പ്രശ്‌നം പരിഹരിക്കൂ..'- ഇർഫാൻ പഠാൻ

ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്

Update: 2023-05-29 12:28 GMT
Editor : abs | By : Web Desk
Advertising

യുവ അത്ലറ്റുകളെ ലൈംഗികമായി ഉപദ്രവിച്ചതിന് റസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഏറെ ദിവസമായി സമരത്തിലാണ്. ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ പോലീസ് ബലപ്രയോഗം നടത്തുകയും താരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് നടപടിയിൽ കനത്ത വിമർശനമാണ് ഉയരുന്നത്. പൊലീസ് നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു. അത്‌ലറ്റുകളുടെ ദൃശ്യങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നു. എത്രയും വേഗം പരിഹരിക്കൂ എന്നാണ് പഠാന്റെ ട്വീറ്റ്.

യാതൊരു പരിഗണനയുമില്ലാതെ എന്തു കൊണ്ടാണ് ഗുസ്തി താരങ്ങളെ നിലത്തിട്ട് വലിച്ചിഴച്ചതെന്നാണ് ഇന്ത്യൻ ഫുട്‌ബോൾ താരം സുനിൽ ഛേത്രിയുടെ ട്വീറ്റ്. ഇത് ആരോടും പെരുമാറേണ്ട രീതിയല്ല. ഈ മുഴുവൻ സാഹചര്യവും ശരിയായ രീതിയിൽ വിലയിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഛേത്രി പറഞ്ഞു.

അതേസമയം,ഗുസ്തി താരങ്ങളുടെ പാർലമെൻറ് മാർച്ചിൻറെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്.

ഇന്നലെ അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്‌റംഗ് പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് സമരം തുടരുമെന്ന് വ്യക്തമാക്കിയാണ് സാക്ഷി മാലിക് ഒഴികെയുള്ള താരങ്ങൾ ഹരിയാനയിലേക്ക് മടങ്ങിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News