സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ്, കൂട്ടിന് സ്മിത്തും: ആദ്യദിനം ആസ്‌ട്രേലിയക്ക്‌

76ന് മൂന്ന് എന്ന തകർന്ന നിലയിൽ നിന്നാണ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ കരകയറ്റിയത്.

Update: 2023-06-07 17:10 GMT
Editor : rishad | By : Web Desk

ട്രാവിസ് ഹെഡ്- സ്റ്റീവന്‍ സ്മിത്ത് 

ഓവൽ: ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം സ്വന്തമാക്കി ആസ്‌ട്രേലിയ. സ്റ്റമ്പ് എടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 എന്ന ശക്തമായ നിലയിലാണ് ആസ്‌ട്രേലിയ. ട്രാവിസ് ഹെഡ്(146) സ്റ്റീവൻ സ്മിത്ത്(95) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് 251 റൺസിന്റെ കൂട്ടുകെട്ടായി. 106 പന്തുകളിൽ നിന്നാണ് ഹെഡ് സെഞ്ച്വറി തികച്ചത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ്.ഇന്ത്യക്കെതിരെ ആദ്യത്തേതും.

76ന് മൂന്ന് എന്ന തകർന്ന നിലയിൽ നിന്നാണ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ കരകയറ്റിയത്. പതിനഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മുഹമ്മദ് സിറാജ് ശർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertising
Advertising

കളിതുടങ്ങി നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്സ്വിങ്ങറില്‍ ഉസ്മാന്‍ ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഖവാജ മടങ്ങിയത്. പിന്നാലെ വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിലയുറപ്പിച്ച വാര്‍ണറെ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.43 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം.

തൊട്ടുപിന്നാലെ ലബുഷെയിനും മടങ്ങിയതോടെ ആസ്‌ട്രേലിയയുടെ നില പരുങ്ങലിലായി. 26 റൺസെടുത്ത ലബുഷെയിനെ മുഹമ്മദ് ഷമി മടക്കുകയായിരുന്നു. അതോടെ ആസ്‌ട്രേലിയ 76ന് മൂന്ന് എന്ന നിലയിൽ എത്തി. എന്നാൽ നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന് ടീമിനെ രക്ഷിക്കുകയാണ്. ഏകദിന ശൈലിയാണ് ഹെഡ് ബാറ്റ് വീശുന്നത്. ഇതിനകം തന്നെ ആറ് ബൗണ്ടറികൾ താരം നേടിക്കഴിഞ്ഞു. സ്മിത്ത് പ്രതിരോധിച്ചാണ് ബാറ്റുവീശുന്നത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ നാല് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ടോസ് കിട്ടിയപ്പോള്‍ ബൗളിങ് തിരഞ്ഞെടുക്കാന്‍ തെല്ലും ആലോചിക്കേണ്ടിവന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ശാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News