നൂറ്റാണ്ടിന്‍റെ പന്തോ? വോണിനെ ഓര്‍മിപ്പിച്ച് യാസിര്‍ ഷായുടെ അത്ഭുതപ്പന്ത്

പാകിസ്താൻ ശ്രീലങ്ക ഒന്നാം ടെസ്റ്റിലാണ് പാക് സ്പിന്നർ യാസിർ ഷാ ഷെയിൻ വോണിന്‍റെ നൂറ്റാണ്ടിന്‍റെ പന്തിന് സമാനമായ പന്തെറിഞ്ഞത്

Update: 2022-07-19 03:44 GMT
Advertising

1993 ജൂലൈ നാല്. ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങ്ങിനെ കാഴ്ചക്കാരനാക്കി നിർത്തി സ്പിൻ ഇതിഹാസം ഷെയിൻ വോണിന്‍റെ പന്ത് കുത്തിത്തിരിഞ്ഞത് അന്നാണ്. നൂറ്റാണ്ടിന്‍റെ പന്ത് ഗാറ്റിങ്ങിന്‍റെ കണക്കു കൂട്ടലുകളെ മുഴുവൻ തെറ്റിച്ച്  ഓഫ് സ്റ്റമ്പിന്‍റെ ബൈൽ തെറിപ്പിച്ചു. ഗാറ്റിങ് ഒരു നിമിഷം നിശബ്ദനായി പിച്ചിൽ നിന്നു. പിന്നീട് പവലിയനിലേക്ക്. ചരിത്രത്തിൽ നൂറ്റാണ്ടിന്‍റെ പന്ത് എന്ന പേരിൽ ഇടം പിടിച്ച ആ പന്ത് പിന്നീടൊരിക്കൽ പോലും ക്രിക്കറ്റ് ലോകത്ത് ആവർത്തിച്ചിട്ടില്ല.

ഷെയിൻ വോൺ ലോകത്തോട് വിടപറഞ്ഞിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ നൂറ്റാണ്ടിന്‍റെ പന്തിന് സമാനമായൊരു പന്ത് ഒരിക്കൽ കൂടി പുനർജനിച്ചിരിക്കുകയാണ് ഇപ്പോള്‍. പാകിസ്താൻ ശ്രീലങ്ക ഒന്നാം ടെസ്റ്റിലാണ് പാക് സ്പിന്നർ യാസിർ ഷാ അങ്ങനെയൊരു അത്ഭുതപ്പന്ത് എറിഞ്ഞത്. ശ്രീലങ്കയുടെ കുശാൽ മെൻഡിസിനെയാണ് യാസിർ പുറത്താക്കിയത്. 76 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന മെൻഡിസിനെ നിസ്സാഹയനാക്കിയാണ് യാസിർ ഷായുടെ പന്ത് കറങ്ങിത്തിരിഞ്ഞ് ഓഫ് സ്റ്റംബ് തെറിപ്പിച്ചത്. ഷെയിൻ വോണിന്റെ നൂറ്റാണ്ടിന്‍റെ പന്തിന്‍റെ തനി ആവർത്തനമാണ് ഇത് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

യാസിർ ഷായുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഷെയിൻ വോണിനെ വീണ്ടും ഓർമിപ്പിച്ചതിന് യാസിര്‍ ഷാക്ക് നന്ദി പറയുകയാണ് ആരാധകർ. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News