'ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ രാജ്യംവിടാൻ പറഞ്ഞേനെ': രോഹിതിനെതിരായ പരാമർശത്തിൽ ഷമക്കെതിരെ യോഗ്‌രാജ് സിങ്
'' ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരും ജനങ്ങളും നാടും എനിക്ക് എന്റെ സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടവരാണ്''
ന്യൂഡല്‍ഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം യോഗ്‌രാജ് സിങ്.
താനായിരുന്നു ഈ രാജ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ അവരോട് രാജ്യംവിടാന്‍ പറഞ്ഞേനെയെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.
'ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരും ജനങ്ങളും നാടും എനിക്ക് എന്റെ സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടവരാണ്. നമ്മുടെ രാജ്യത്തിന് അഭിമാനം കൊണ്ടുവന്ന ഒരു കളിക്കാരനെക്കുറിച്ച് രാഷ്ട്രീയത്തിലുള്ള ആരെങ്കിലും അത്തരമൊരു പ്രസ്താവന നടത്തിയാല്‍, ആ വ്യക്തി ലജ്ജിക്കണം. അവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ക്രിക്കറ്റ് നമ്മുടെ മതമാണ്'- യോഗ്‌രാജ് സിങ് പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍, ഷമു മുഹമ്മദ് എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചിരുന്നു.
‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’- ഇങ്ങനെയായിരുന്നു ഷമ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
അതേസമയം ഷമ മുഹമ്മദിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളും എംപിയുമായ സൗഗത റോയ് യും രംഗത്ത് എത്തിയിരുന്നു. ഷമ മുഹമ്മദ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സൗഗത റോയ്‌യുടെ കമന്റ്