ജില്ലാ സ്കൂൾ കായികമേളയും സംസ്ഥാന കായികമേളയും അടുത്തടുത്ത്; എന്തുചെയ്യുമെന്നറിയാതെ പത്തനംതിട്ട ജില്ലയിലെ താരങ്ങള്‍
തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വേണ്ട വിശ്രമം ലഭിക്കാതെ കുട്ടികൾക്ക് പരിക്ക് പറ്റുമോ എന്ന് ആശങ്കയാണ് കായിക അധ്യാപകർക്കുള്ളത്
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലാ സ്കൂൾ കായികമേളയും സംസ്ഥാന സ്കൂൾ കായിക മേളയും അടുത്തടുത്ത് വന്നതോടെ വലഞ്ഞിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കായികതാരങ്ങൾ . ജില്ലാ കായികമേള കഴിഞ്ഞു ഒരു ദിവസത്തെ വിശ്രമമാണ് സംസ്ഥാന കായികമേളയ്ക്കായി താരങ്ങൾക്ക് ലഭിക്കുന്നത് .
തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വേണ്ട വിശ്രമം ലഭിക്കാതെ കുട്ടികൾക്ക് പരിക്ക് പറ്റുമോ എന്ന് ആശങ്കയാണ് കായിക അധ്യാപകർക്കുള്ളത്. പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങൾക്ക് ട്രാക്കിലൂടെ മാത്രം ഓടിയാൽ പോരാ ഒരു മീറ്റിൽ നിന്നും മറ്റൊരു മീറ്റിലേക്ക് മാരത്തൺ തന്നെ നടത്തണം. പതിനാലാം തീയതിയാണ് ജില്ലാ കായികമേള അവസാനിക്കുന്നത്. പതിനാറാം തീയതി സംസ്ഥാന കായികമേളയ്ക്ക് തുടക്കമാവുകയും ചെയ്യും. 17 ആണ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിലും രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കുമായി പതിനാറാം തീയതി തന്നെ മേള നടക്കുന്ന കുന്നംകുളത്ത് എത്തണം.
റിലേ അടക്കമുള്ള പല മത്സരങ്ങളുടേയും ഫൈനൽ നടക്കുന്നത് പതിനാലാം തീയതി ആയതിനാൽ ഒരു ദിവസത്തെ വിശ്രമമാണ് കായികതാരങ്ങൾക്ക് ലഭിക്കുക. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ നാലാമത്തെ മീറ്റാണ് ജില്ലാ സ്കൂൾ കായികമേള . തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുന്നത് മൂലം കുട്ടികൾക്ക് പരിക്ക് ഉണ്ടാവും എന്ന ആശങ്കയിലാണ് കായിക അധ്യാപകരുള്ളത് .