ആവേശപ്പോരിൽ ആഴ്സനൽ; ലിവർപൂൾ പത്താം സ്ഥാനത്ത്
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണൽ വിജയം നേടിയത്
ലണ്ടൻ: കരുത്തരായ ലിവർപൂളിനെയും കീഴടക്കി ആഴ്‌സനൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗണ്ണേഴ്‌സ് ചുവന്ന ചെകുത്താന്മാരെ വെടിവെച്ചിട്ടത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ടാം ജയത്തോടെ ആഴ്‌സനൽ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സീസണിലെ മൂന്നാം തോൽവിയോടെ ലിവർപൂൾ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
കരുത്തർ തമ്മിലുള്ള വാശിയേറിയ പോരിന്റെ ഒന്നാം മിനുട്ടിൽ തന്നെ ആതിഥേയരായ ആഴ്‌സനൽ ലീഡെടുത്തിരുന്നു. കളിയുടെ ഗതി നിർണയിക്കപ്പെടുന്നതിനു മുമ്പ് അതിവേഗതയിലുള്ള പ്രത്യാക്രമണത്തിനൊടുവിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് വലകുലുക്കിയത്. തുടക്കത്തിലെ തിരിച്ചടിയിൽ പതറിയെങ്കിലും പതിയെ താളം വീണ്ടെടുത്ത ലിവർപൂൾ 34-ാം മിനുട്ടിൽ ആഴ്‌സനലിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒപ്പമെത്തി. ലൂയിസ് ഡിയാസിന്റെ ക്രോസിൽ നിന്ന് ഡാർവിൻ നൂനസ് ആയിരുന്നു സ്‌കോറർ.
സമനില ഗോൾ ലിവർപൂളിന്റെ വീര്യം വർധിപ്പിച്ചെങ്കിലും ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ ആതിഥേയർ വീണ്ടും ലീഡെടുത്തു. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ തന്ത്രപരമായ ക്രോസിൽ ചാടിവീണ് കാൽവെച്ച് ബുകായോ സാക ആണ് ലക്ഷ്യം കണ്ടത്.
ലൂയിസ് ഡിയാസിന് പകരക്കാരനായിറങ്ങിയ ഫിർമിനോ 54-ാം മിനുട്ടിൽ ലിവർപൂളിനെ ഒരിക്കൽക്കൂടി ഒപ്പമെത്തിച്ചു. ഡിയോഗോ ജോട്ടയുടെ അസിസ്റ്റിലായിരുന്നു ബ്രസീൽ താരത്തിന്റെ ഗോൾ.
എന്നാൽ, 76-ാം മിനുട്ടിൽ ലിവർപൂൾ വഴങ്ങിയ പെനാൽട്ടി മത്സരത്തിന്റെ ഗതി നിർണയിച്ചു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗബ്രിയേൽ ജേസുസിനെ തിയാഗോ ഫൗൾ ചെയ്തപ്പോഴാണ് റഫറി സ്‌പോട്ടിലേക്ക് വിരൽചൂണ്ടിയത്. കളിക്കാർ തമ്മിലുള്ള നേരിയ സംഘർഷത്തിനു ശേഷം കിക്കെടുത്ത ബുകായോ സാക, അലിസ്സൻ ബെക്കറിന് അവസരം നൽകാതെ ലക്ഷ്യം കണ്ടു.
ഒമ്പത് റൗണ്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ആഴ്‌സനൽ ആണ് ലീഗിൽ ലീഡ് ചെയ്യുന്നത്. ഒരു മത്സരവും തോറ്റില്ലെങ്കിലും രണ്ട് കളി സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. 20 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുണ്ട്.