ഇന്ത്യയുടെ 1983 ലോകകപ്പ് ഹീറോ യശ്പാൽ ശർമ അന്തരിച്ചു

1983 ലോകകപ്പിൽ ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി പോരാട്ടത്തിൽ യശ്പാലിന്റെ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഫൈനലിലെത്തിയത്

Update: 2021-07-13 14:26 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയ്ക്ക് കന്നി ക്രിക്കറ്റ് ലോകകിരീടം നേടിക്കൊടുത്ത കപിലിന്റെ ചെകുത്താന്‍ സംഘത്തിലെ ഹീറോ താരം യശ്പാൽ ശർമ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ യശ്പാൽ കുഴഞ്ഞുവീഴുകയായിരുന്നു.

80കളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലെ നെടുംതൂണായിരുന്നു യശ്പാൽ ശര്‍മ. 1983 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുള്ളയാളാണ് അദ്ദേഹം. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി പോരാട്ടത്തിൽ യശ്പാലിന്റെ അർധസെഞ്ച്വറി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി 37 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് അദ്ദേഹം. ടെസ്റ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിലുമായി ഓരോ വീതം വിക്കറ്റുകളും നേടി. പഞ്ചാബ്, ഹരിയാന, റെയിൽവേസ് രഞ്ജി ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 2000ത്തിൽ ദേശീയ ക്രിക്കറ്റ് സെലക്ടറുമായിരുന്നു യശ്പാൽ ശർമ. ഏതാനും മത്സരങ്ങളിൽ അംപയറുടെ കുപ്പായവുമിട്ടിട്ടുണ്ട്. ഉത്തർപ്രദേശ് രഞ്ജി ടീമിന്റെ പരിശീലകനുമായിരുന്നു.

യശ്പാൽ ശർമയുടെ നിര്യാണത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു. കപിൽ ദേവ്, ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ നായകന്‍ കൂടിയായ ദിലീപ് വെങ്‌സർക്കാർ, ക്രിസ് ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ശിഖർ ധവാൻ, മുരളി കാർത്തിക്ക് തുടങ്ങിയവരെല്ലാം അനുശോചനം രേഖപ്പെടുത്തി.

1983 ലോകകപ്പ് സംഘത്തിലുണ്ടായിരുന്നവര്‍ ആഴ്ചകൾക്കുമുൻപ് ന്യൂഡൽഹിയിൽ നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങിൽ സംഗമിച്ചിരുന്നു. തങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആരോഗ്യവാനായിരുന്നു യശ്പാലെന്നും ഈ മരണം അവിശ്വസനീയമാണെന്നുമാണ് ദിലീപ് വെങ്‌സർക്കാർ പ്രതികരിച്ചത്. ദൈനംദിന ജീവിതക്രമത്തെക്കുറിച്ച് അന്ന് കൂടിക്കാഴ്ചയിക്കിടെ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നും വെങ്‌സർക്കാർ കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News