ഗോളടിച്ചത് റോണോയല്ല ബ്രൂണോ: മാറ്റി ഫിഫയും

ബോക്‌സിലേക്ക് ഉയർത്തിയ പന്തിനായി ക്രിസ്റ്റ്യാനോയും ചാടിയിരുന്നു. പന്ത് തലയിലുരുമ്മിയെന്ന കണക്ക്കൂട്ടലിലാകാം ക്രിസ്റ്റ്യാനോ ആഘാഷം തുടങ്ങിയത്

Update: 2022-11-28 21:43 GMT
Editor : rishad | By : Web Desk

ദോഹ: ഉറുഗ്വെയ്‌ക്കെതിരായ പോർച്ചുഗലിന്റെ ആദ്യ ഗോളിൽ ആശയക്കുഴപ്പം. ബ്രൂണോ ഫെർണാണ്ടസാണ് പന്ത് വലക്കുള്ളിലെത്തിച്ചതെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷമാണ് ആശയക്കുഴപ്പത്തിനിടിയാക്കിയത്. 54ാം മിനുറ്റിലായിരുന്നു ഈ ഗോൾ വന്നത്. ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം ഗോൾമുഖം തുറക്കാനുള്ള തീവ്രശ്രമം. ഇതിനിടയിലാണ് ബ്രൂണോ തന്നെ ഗോളിലേക്കുള്ള വഴിവെട്ടിയത്.

ബോക്‌സിലേക്ക് ഉയർത്തിയ പന്തിനായി ക്രിസ്റ്റ്യാനോയും ചാടിയിരുന്നു. പന്ത് തലയിലുരുമ്മിയെന്ന കണക്ക്കൂട്ടലിലാകാം ക്രിസ്റ്റ്യാനോ ആഘാഷം തുടങ്ങിയതും. ഫിഫയടക്കം ആ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ പന്ത് ക്രിസ്റ്റ്യാനോയുടെ തലയിൽ തൊട്ടില്ലെന്ന് വ്യക്തമായതോടെ ഗോളവകാശി ബ്രൂണോയായി.

Advertising
Advertising

നിമിഷ നേരം കൊണ്ട് ഈ ഗോളും ആരവങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. ക്രിസ്റ്റ്യാനോ ആരാധകരെല്ലാം സ്റ്റാറ്റസുകളായും സ്റ്റോറികളായും ആഘോഷമാക്കി. പിന്നാലെ തന്നെ ചർച്ചകളും സജീവമായിരുന്നു. ഫിഫ തന്നെ തിരുത്തൽ വരുത്തിയതോടെ വിവാദങ്ങളെല്ലാം അവസാനിച്ചെങ്കിലും ചർച്ച ഇപ്പോഴും തുടരുന്നുണ്ട് . റൊണാൾഡോയെ കുറ്റപ്പെടുത്തിയും ചിലർ രംഗത്തുണ്ട്. ഘാനക്കെതിരായ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തിയിരുന്നു. അതേസമയം ജയത്തോടെ ഗ്രൂപ്പ് എച്ചിൽ നിന്ന് പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു.

രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി പോർച്ചുഗലാണ് മുന്നിൽ. മൂന്ന് പോയിന്റുള്ള ഘാന രണ്ടാമതും. ഓരോ പോയിന്റ് വീതം നേടി സൗത്ത് കൊറിയയും ഉറുഗ്വെയും. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഉറുഗ്വയ്‌ക്കെതിരെ പോർച്ചുഗലിന്റെ വിജയം. ബ്രൂണോ ഫെർണാണ്ടസാണ് രണ്ട് ഗോളുകളും നേടിയത്. പെനൽറ്റിയിലൂടെയായിരുന്നു ബ്രൂണോയുടെ രണ്ടാം ഗോൾ. ജയത്തോടെ കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ തോൽവിക്ക് പോർച്ചുഗലിന് പകരം വീട്ടാനുമായി. സൗത്ത് കൊറിയക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News