രക്ഷകനായി മിച്ചി; കാനഡയുടെ പോരാട്ടവീര്യം മറികടന്ന് ബെൽജിയം
ആദ്യ പകുതിയില്‍ ബെല്‍ജിയത്തെ ശരിക്കും വിറപ്പിക്കാന്‍ കാനഡയ്ക്കായിരുന്നു
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ കാനഡയ്ക്കെതിരെ ബെൽജിയത്തിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. കളിയുടെ 44 ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായിയാണ് വിജയ ഗോൾ നേടിയത്. ടോബി അള്‍ഡെര്‍വൈറെല്‍ഡിന്റെ പാസ് ബാറ്റ്ഷുവായി വലയിലെത്തിക്കുകയായിരുന്നു. മൂന്ന് പോയന്റുമായി ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ബെല്‍ജിയത്തിനായി.
ആക്രമിച്ചു കളിച്ചാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത്. 1986ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ഒരു ടീമിന്റെ സമ്മർദമൊന്നും കാനഡയ്ക്കുണ്ടായിരുന്നില്ല. ബെല്‍ജിയത്തെ ശരിക്കും വിറപ്പിക്കാന്‍ കാനഡയ്ക്കായി. കളി ബൽജിയം നിയന്ത്രണത്തിലാക്കുമ്പോഴെല്ലാം പന്തു പിടിച്ചെടുത്ത് ബൽജിയത്തിന്റെ ബോക്സിലേക്കു തുടർച്ചയായി കനേഡിയൻ താരങ്ങൾ ഇരച്ചെത്തിക്കൊണ്ടിരുന്നു. ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാഞ്ഞതാണ് കാനഡയ്ക്ക് തിരിച്ചടിയായത്. ടയോണ്‍ ബുക്കാനനും, അള്‍ഫോണ്‍സോ ഡേവിസും, ജൊനാഥന്‍ ഡോവിഡും ജൂനിയര്‍ ഹോയ്‌ലെറ്റും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചില്ല.
കളിയുടെ എട്ടാം മിനിറ്റിൽ തന്നെ ലഭിച്ച പെനാൽറ്റി മുതലാക്കാൻ കാനഡയ്ക്കായിരുന്നില്ല. ബോക്സിൽ വെച്ച് യാന്നിക് കരാസ്കോയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു പെനാൽറ്റി. വാർ പരിശോധിച്ചാണ് റഫറി തീരുമാനമെടുത്തത്. എന്നാൽ അൽഫോൺസോ ഡേവിസിന്റെ കിക്ക് തിബോ കുർട്ടോ രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അലിസ്റ്റര്‍ ജോണ്‍സന്റെ ഷോട്ടും കുര്‍ട്ടോ രണ്ടാമതും തടുത്തിട്ടു.
എന്നാൽ 44-ാം മിനിറ്റിൽ ബെൽജിയത്തിന്റെ രക്ഷകനായി അയാൾ അവതരിച്ചു. മിച്ചി ബാറ്റ്ഷുവായി. ടോബി അർഡെർവൈൽസ് നൽകിയ പാസ് മിച്ചി ഒരു സങ്കോചവും കൂടാതെ വലയിലെത്തിച്ച് ടീമിനെ ലീഡിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആദ്യ പകുതി സൃഷ്ടിച്ച ആക്രമണ ഫുട്‌ബോൾ ഇരുടീമുകളും പുറത്തെടുത്തില്ല. ഗോൾ തിരച്ചടിക്കാൻ കാനഡ തുനിഞ്ഞിറങ്ങിയപ്പോൾ പ്രതിരോധത്തിന്റെ മതിൽ കെട്ടാനാണ് ബെൽജിയം ശ്രമിച്ചത്. മികച്ച മുന്നേറ്റങ്ങളിലൂടെ ഇരു ടീമും എതിർ ടീമിന്റെ ബോക്സിലേക്ക് കുതിച്ചു.കളിയുടെ 66 ാം മിനിറ്റിൽ മിച്ചി ഒറ്റായനായി കനേഡിയൻ ഗോൾ വല ലക്ഷ്യമാക്കി കുതിച്ചെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്പ് ആ നീക്കം അവസാനിച്ചു.
79 മിനിറ്റിൽ ജോൺസ്റ്റണിൽ നിന്നുള്ള ക്രോസ് ലാറിന്റെ തലയിൽ, മികച്ച ഒരു ഹെഡറിലൂടെ ബോൾ ബെൽജിയം വലയിലേക്ക് കുതിച്ചെങ്കിലും അവിടെ ഒരു കാവൽക്കാരൻ ഉണ്ടെന്ന് അവർ മറന്ന് പോയിരുന്നു. കുർട്ടോ അത് അനായാസമായി കൈപ്പിടിയിലൊതുക്കി. കളിയുടെ അവസാന നിമിഷത്തിൽ കളി സമനിലയിലാക്കാനുള്ള ശ്രമങ്ങൾ കനേഡിയൻ താരങ്ങൾ നടത്തിനോക്കിയെങ്കിലും ലക്ഷ്യം കാണാതെ അവസാനിക്കുകയായിരുന്നു എല്ലാം.
ബെൽജിയം ടീം
ലിൻഡെർ ഡെൻഡോക്കർ, ടോബി ആൽഡർവീറെൽഡ്, ജാൻ ബെർട്ട് ലീവ് വെർട്ടോംഗൻ, തിമോത്തി കാസ്റ്റാഗ്‌നെ, യൂറി ടിലെമാന്‍സ് ,അക്സല്‍ വിറ്റ്സല്‍, യാനിക് കറാസ്‌കോ, കെവിന്‍ ഡിബ്രുയ്ൻ, ഏഡൻ ഹസാർഡ്, മിച്ചി ബാറ്റ്ഷുവായി
കാനഡ ടീം
മിലൻ ബോർജാൻ, അലിസ്റ്റർ ജോൺസ്റ്റൺ, സോസ സ്റ്റീവൻ, കമൽ മില്ലർ, ഡേവിഡ് ഹോയ്‌ലറ്റ്, അതിബ, അന്റനസ് സ്റ്റീഫൻ, റിച്ചി ലാറീ, ടാജൂൻ ബുച്ചാനൻ, അൽഫോൺസോ ഡേവിസ്, ജോനാഥൻ ഡേവിഡ്