ചില തീയതികൾ കലണ്ടറിലെ വെറും അക്കങ്ങൾ മാത്രമല്ല; അവ കാലം അമൂല്യമായി സൂക്ഷിച്ചുവെക്കുന്ന ചില മാന്ത്രികച്ചെപ്പുകളാണ്. ഫുട്ബോൾ പ്രേമികൾക്ക് 'ജൂൺ 22' അത്തരത്തിലൊരു ദിനമാണ്. കൃത്യം നാല് പതിറ്റാണ്ടുകൾക്കു മുൻപ്, 1986 ജൂൺ 22ന് മെക്സിക്കോയിലെ ആസ്ടെക്ക് സ്റ്റേഡിയത്തിൽ ഡീഗോ അർമാൻഡോ മറഡോണ എന്ന മനുഷ്യൻ ഫുട്ബോൾ ദൈവമായി അവതരിച്ചതിന്റെ നാൽപ്പതാം വാർഷികമാണിന്ന്. യാദൃശ്ചികതകളുടെ അപൂർവ്വമായൊരു കാവ്യനീതി പോലെ, അതേ ജൂൺ 22ൽ മറ്റൊരു ലോകകപ്പ് വേദിയിൽ അർജന്റീന ഇന്ന് ഓസ്ട്രിയക്കെതിരെ ബൂട്ടുകെട്ടാനിറങ്ങുന്നു. അന്ന് പച്ചപ്പുല്ലിൽ വിസ്മയം തീർത്ത ഡീഗോയുടെ പിൻഗാമിയായി, സാക്ഷാൽ ലയണൽ മെസ്സി പന്തുമേന്തി നിൽക്കുമ്പോൾ കാലം 40 വർഷങ്ങൾക്കിപ്പുറം മറ്റൊരു വൃത്തം പൂർത്തിയാക്കുകയാണ്.
ആസ്ടെക്കിലെ ആ 'നാലു മിനിറ്റുകൾ'
അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തെ തന്നെ രണ്ടായി പകുത്ത ആ രണ്ട് ഗോളുകൾ പിറന്നിട്ട് ഇന്ന് 40 വർഷം തികയുന്നു. 1986ലെ ആ ഇംഗ്ലണ്ട് മത്സരത്തിന്റെ 50-ാം മിനിറ്റിൽ പീറ്റർ ഷിൽട്ടൻ എന്ന ഇംഗ്ലീഷ് വന്മരത്തെ മറികടക്കാൻ ഡീഗോ വായുവിൽ ഉയർന്നുചാടിയപ്പോൾ, മനുഷ്യന്റെ കൗശലത്തിലേക്ക് ദൈവം സ്വന്തം കൈ നീട്ടിക്കൊടുത്തു, ലോകം അതിനെ 'ദൈവത്തിന്റെ കൈ' എന്ന് വിളിച്ചു.
എന്നാൽ, ധാർമികതയുടെ തുലാസിൽ വെച്ചു നോക്കുമ്പോൾ അതൊരു പച്ചയായ നിയമലംഘനമായിരുന്നു; റഫറിയുടെ കണ്ണുവെട്ടിച്ച് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങളെ കട്ടെടുക്കുന്ന കള്ളത്തരം. നീതിനിഷേധത്തിന്റെ പേരിൽ ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനും സംഘവും അന്ന് പൊഴിച്ച കണ്ണുനീരിന് മുകളിലാണ് ആ ഗോളിന്റെ സിംഹാസനം പണിതുയർത്തിയത് എന്ന സത്യം ചരിത്രത്തിന് ഒരിക്കലും മായ്ച്ചുകളയാനാവില്ല.
പക്ഷേ, ചെയ്ത ആ തെറ്റിന് കൃത്യം നാല് മിനിറ്റിനുള്ളിൽ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് തന്നെ ഡീഗോ പ്രായശ്ചിത്തം ചെയ്തു. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച്, നാല് ഇംഗ്ലീഷ് ഡിഫൻഡർമാരെയും ഗോളിയെയും കാറ്റിന്റെ വേഗത്തിൽ നൃത്തംവച്ചു മറികടന്ന് ഡീഗോ നേടിയ ആ രണ്ടാം ഗോൾ, കാലത്തിന്റെ ക്യാൻവാസിൽ വരച്ച എക്കാലത്തെയും മികച്ച പെയ്‌ന്റിങ് ആയിരുന്നു, 'നൂറ്റാണ്ടിന്റെ ഗോൾ'. വെറും നാല് മിനിറ്റിന്റെ ഇടവേളയിൽ ഫുട്ബോളിന്റെ 'വഞ്ചന'യും കലയും ഒരേപോലെ കാണിച്ചുതന്ന മറഡോണയുടെ ആ ഇതിഹാസ പ്രകടനത്തിന്റെ ഊർജവുമായാണ് ഇന്ന് അർജന്റീന കളത്തിലിറങ്ങുന്നത്.
നാല് പതിറ്റാണ്ടുകൾക്കിപ്പുറം ഈ ലോകകപ്പ് രാവിൽ ഓസ്ട്രിയയെ നേരിടാൻ അർജന്റീന ഇറങ്ങുമ്പോൾ, മൈതാനത്ത് മറഡോണയില്ല; പകരം അയാളുടെ ഫുട്ബോൾ ആത്മാവിന്റെ ഒരംശം പേറുന്ന ലയണൽ മെസ്സിയുണ്ട്. 1986ൽ മറഡോണ തന്റെ ഇടങ്കാൽ കൊണ്ട് എഴുതിത്തുടങ്ങിയ കവിതയുടെ ബാക്കിഭാഗം പൂർത്തിയാക്കാനുള്ള നിയോഗമാണ് ഇന്ന് മെസ്സിയുടെ ചുമലിലുള്ളത്. വെറുമൊരു മത്സരത്തിനപ്പുറം, ലോകകപ്പിലെ പുതിയ വ്യക്തിഗത റെക്കോർഡുകളുടെ പടിവാതിൽക്കൽ കൂടിയാണ് മെസ്സി ഇന്ന് നിൽക്കുന്നത്.
കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ അൾജീരിയയ്ക്കെതിരെ നേടിയ ഹാട്രിക്കോടെ ലോകകപ്പിൽ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി. ഇതോടെ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്കായി. ഇന്ന് ഓസ്ട്രിയയ്ക്കെതിരെ ഒരൊറ്റ ഗോൾ കൂടി നേടിയാൽ, 17 ഗോളുകളോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പുരുഷ താരം എന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമാകും.
അന്ന് മെക്സിക്കോയിലെ വെയിലിൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ പന്ത് തട്ടുമ്പോൾ ഉണ്ടായിരുന്ന അതേ ആവേശത്തിരമാലകൾ, ഇന്ന് ഓസ്ട്രിയക്കെതിരെ ഇറങ്ങുമ്പോൾ നീലയും വെള്ളയും കലർന്ന ജഴ്സിയിൽ അലയടിക്കുന്നുണ്ട്. അന്ന് പ്രതിസന്ധിയുടെ ഘട്ടത്തിൽ അർജന്റീനയെ രക്ഷിക്കാൻ 'ദൈവത്തിന്റെ കൈ' വേണ്ടി വന്നുവെങ്കിൽ, ഇന്ന് ഓസ്ട്രിയൻ പ്രതിരോധം തകർക്കാൻ മെസ്സിയുടെ 'മാന്ത്രിക ഇടങ്കാൽ' മാത്രം മതിയാകും എന്ന ഉറപ്പിലാണ് ആരാധകർ.