'അപ്പൊ അച്ഛാ.. അത് ഐസ്‌ക്രീമല്ലേ..!!'; റിപ്പോർട്ടറുടെ മൈക്കിലേക്ക് ചാടി 'കുഞ്ഞു ബോനോ'-വൈറൽ വിഡിയോ

വമ്പൻ ടീമുകളെ തകര്‍ത്ത് സെമിയിലേക്കു കടന്ന മൊറോക്കോയുടെ വിജയക്കുതിപ്പിൽ സൂപ്പർ ഗോൾകീപ്പർ യാസീൻ ബോനോയ്ക്കും വലിയ പങ്കുണ്ട്

Update: 2022-12-16 16:54 GMT
Editor : Shaheer | By : Web Desk

ദോഹ: ഖത്തർ ലോകകപ്പിൽ ലോക കായികപ്രേമികളുടെ ഹൃദയം കീഴടക്കിയ ടീമാണ് മൊറോക്കോ. വമ്പൻ ടീമുകളെ കീഴടക്കി സെമി വരെയെത്തിയ ആഫ്രിക്കൻ സംഘത്തിന്റെ വിജയക്കുതിപ്പിൽ പ്രധാന പങ്ക് അവരുടെ സൂപ്പർ ഗോൾകീപ്പർ യാസീൻ ബോനോയ്ക്കുമുണ്ട്. ഫ്രാൻസിനെതിരായ സെമിയിൽ രണ്ട് ഗോൾ വഴങ്ങുംവരെ ടൂർണമെന്റിൽ ഉടനീളം ആകെ ഒരേയൊരു സെൽഫ് ഗോളാണ് മൊറോക്കോ ഗോൾവലയിൽ കയറിയതെന്നതു തന്നെ ബോനോയുടെ കരുത്തറിയിക്കുന്നതാണ്.

അതിനിടെ, യാസീൻ ബോനോയ്‌ക്കൊപ്പം സോഷ്യൽ മീഡിയ കീഴടക്കുകയാണ് താരത്തിന്റെയൊരു 'കുഞ്ഞു ആരാധകൻ.' മത്സരശേഷം ബോനോ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ഐസ്‌ക്രീമാണെന്ന് തെറ്റിദ്ധരിച്ച് റിപ്പോർട്ടറുടെ മൈക്ക് കഴിക്കാൻ ശ്രമിക്കുന്ന താരന്റെ മകന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.

Advertising
Advertising

ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ച ശേഷമായിരുന്നു ബോനോ ഒരു മാധ്യമപ്രവർത്തകനോട് കളിയെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ, ഈ സമയത്തെല്ലാം കുഞ്ഞു ബോനോയുടെ കണ്ണ് മൈക്കിലായിരുന്നു. ആദ്യം ഒന്നു തൊട്ടുനോക്കി. ഉടൻ തന്നെ മൈക്കിലേക്ക് നാവുനീട്ടി ചാടി. ഇത് കണ്ട് റിപ്പോർട്ടറും ബോനോയും ചിരിക്കുന്നതു കണ്ടിട്ടും കുഞ്ഞ് പിന്മാറിയില്ല. ഒന്നുകൂടി മൈക്കിലേക്ക് ചാടിയ ശേഷം യാസീൻ ബോനോ ചിരിയോടെ പിന്തിരിപ്പിക്കുകയായിരുന്നു.

വിഡിയോ ഫിഫ വേള്‍ഡ് കപ്പിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലടക്കം പങ്കുവച്ചിട്ടുണ്ട്. ഇതിനുമുൻപും ബോനോയുടെ മകൻ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അഷ്‌റഫ് ഹക്കീമി, സൂഫിയാൻ ബൗഫൽ അടക്കമുള്ള താരങ്ങൾ മത്സരശേഷം അമ്മമാർക്കൊപ്പം നൃത്തംവയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സമയത്ത് കുഞ്ഞിനൊപ്പമായിരുന്നു യാസീന്റെ വിജയാഘോഷം.

സെമിയിൽ ഫ്രാൻസിനോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് മൊറോക്കോ കീഴടങ്ങിയത്. നാളെ ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിടും. രാത്രി 8.30നാണ് മത്സരം.

Summary: Morocco goalkeeper Yassine Bounou's son mistakes mic for an ice cream in World Cup interview-Video

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News