ഫൈനൽ പരാജയം; ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

പെനാൽറ്റി ഷൂട്ടൗട്ട് പാഴാക്കിയ ഷുവാമെനിക്കും കോമാനും ഗോളവസരം നഷ്ടപ്പെടുത്തിയ മുവാനിക്കുമെതിരെയാണ് വംശീയമായ ആക്രമണം നടക്കുന്നത്

Update: 2022-12-20 08:52 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ലോകകപ്പ് ഫൈനൽ പരാജയത്തിനു പിന്നാലെ ഫ്രഞ്ച് താരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വംശീയാധിക്ഷേപം. ആഫ്രിക്കൻ വംശജരായ ഔറെലിയെൻ ഷുവാമെനി, കിങ്സ്ലി കോമാൻ, റൻഡൽ കോലോ മുവാനി എന്നിവർക്കുനേരെയാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വംശീയാധിക്ഷേപം നടക്കുന്നത്.

നിശ്ചിതസമയത്തിലും അധികസമയത്തും ഇരുടീമുകളും തുല്യനിലയിൽ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടിരുന്നു. എന്നാൽ, ഫ്രഞ്ച് സംഘത്തിൽ കിക്കെടുത്ത ഷുവാമെനിക്കും കോമാനും ലക്ഷ്യം പിഴച്ചു. എക്‌സ്ട്രാ ടൈമിൽ മികച്ചൊരു അവസരം കോളോ മുവാനി പാഴാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെ തിരഞ്ഞുപിടിച്ച് വംശീയമായ ആക്രമണം നടക്കുന്നത്.

നേന്ത്രവാഴയുടെയും കുരങ്ങിന്റെയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള നിരവധി അധിക്ഷേപ സന്ദേശങ്ങളാണ് മൂന്നു താരങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് ഉടമകളായ മെറ്റ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാധിക്ഷേപങ്ങളെ അപലപിച്ചു. ഇത്തരത്തിലുള്ള പോസ്റ്റുകൾ നീക്കംചെയ്യുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ വംശീയാധിക്ഷേപങ്ങൾ അനുവദിക്കില്ലെന്ന് മെറ്റ വക്താവ് 'ദ അത്‌ലെറ്റിക്കി'നോട് പ്രതികരിച്ചു. താരങ്ങളുമായും ഫ്രഞ്ച് ടീമംഗങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

ബയേൺ മ്യൂണിക്ക് താരമായ കിങ്സ്ലി കോമാന് ക്ലബ് പിന്തുണ അറിയിച്ച് പോസ്റ്റിട്ടിട്ടുണ്ട്. താരത്തിനെതിരായ വംശീയാധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നു. താങ്കൾക്കു പിന്നിൽ ബയേൺ കുടുംബമുണ്ട്. വംശീയതയ്ക്ക് കായികരംഗത്തും നമ്മുടെ സമൂഹത്തിലും സ്ഥാനമില്ലെന്നും ബയേൺ പ്രസ്താവനയിൽ വ്യക്തമാക്കി.

Summary: France's Aurelien Tchouameni, Kingsley Coman and Randal Kolo Muani were racially abused on social media after the World Cup final defeat to Argentina

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News