കാര്‍ഡ് എടുത്ത് റെക്കോർഡിട്ട വിവാദ റഫറി നാട്ടിലേക്ക്

അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു

Update: 2022-12-12 12:09 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 'വിവാദ റഫറി' മത്തേയു ലഹോസ് ഉണ്ടാവില്ല. അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ ലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 18 കാര്‍ഡുകളാണ് ലഹോസ് പുറത്തെടുത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരം കൂടിയായിരുന്നു അത്.

അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാരെ നിയോഗിക്കണമെന്ന് മെസി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇപ്പോഴിതാ ലഹോസിനെ നാട്ടിലേക്ക് പറഞ്ഞയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്. ഈ മത്സരങ്ങളില്‍ ലഹോസ് ഉണ്ടാവില്ല. അതേസമയം ലഹോസിനെ ഒഴിവാക്കിയെന്ന് ഫിഫയോ റഫറിയിങ് പാനലോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്പാനിഷ് ലീഗിലും വിവാദ തീരുമാനങ്ങളിലൂടെ നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ലഹോസ്. 

അതേസമയം ക്രൊയേഷ്യ- അര്‍ജന്റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുക, ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റായിരിക്കും. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാരിലൊരാളാണ് ഓര്‍സാറ്റ്. ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരവും നിയന്ത്രിച്ചത് ഓര്‍സാറ്റായിരുന്നു. അര്‍ജന്റീന- മെക്സിക്കോ മത്സരം നിയന്ത്രിച്ചതും ഈ റഫറിയാണ്. കഴിഞ്ഞ ലോകകപ്പ് മത്സരത്തിലാണ് ഡാനിയേല ഓര്‍സാറ്റ് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചത്. 

കളിയെ മികച്ച രീതിയില്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതിനും, കളിക്കാരോട് സൗഹാര്‍ദത്തോടെ പെരുമാറാറുന്നതും ഓര്‍സാറ്റിനെ വേറിട്ടതാക്കുന്നു. അതേസമയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമി ടിക്കറ്റ് നേടിയത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News