ബ്രൂണോയുടെ ഡബിൾ: ഉറുഗ്വെയെ തോൽപിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി

Update: 2022-11-28 21:11 GMT
Editor : rishad | By : Web Desk

ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്‌ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത് കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ ഭാവി.

വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടതുഭാഗത്ത് നിന്ന് ഉറുഗ്വെൻ പ്രതിരോധക്കാരുടെ മുകളിലൂടെ  ബ്രൂണോ തൊടുത്ത പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. പന്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാടിയിരുന്നു. പന്ത് റോണോയുടെ തലയിൽ തട്ടി എന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. ഗോൾ നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലായിരുന്നു.

Advertising
Advertising

എന്നാൽ പിന്നീടത് തിരുത്തി. ബ്രൂണോയുടെ ക്രോസ്, നേരിട്ട് തന്നെ വലയിലെത്തുകയായിരുന്നു. ഒരു ഗോൾ വീണതോടെയാണ് ഉറുഗ്വെ ഉണർന്ന് കളിച്ചത്. ഗോൾമടക്കാനായി തിരക്കിട്ട് ശ്രമം. സുവാരസിനെ കളത്തിലെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. നിരവധി അവസരങ്ങളാണ് സുവാരസിനും ബെന്റക്കറിന് മുന്നിലും വന്നത്. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ ലഭിച്ച പെനൽറ്റികൂടി പോർച്ചുഗൽ വലക്കുള്ളിലെത്തിച്ചതോടെ ഉറുഗ്വെയുടെ വഴിയടഞ്ഞു.

ബ്രൂണോ തന്നെയാണ് പെനൽറ്റിയും ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ബ്രൂണോയുടെ രണ്ടാം ഗോൾ. അവസാന നിമിഷത്തില്‍ ലീഡ് ഉയര്‍ത്താന്‍ പോര്‍ച്ചുഗലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും വഴിമാറി. 

ഗോളില്ലാ ആദ്യ പകുതി

വിസിൽ മുഴങ്ങി 30 മിനുറ്റ് വരെ കളം പിടിച്ചത് പോർച്ചുഗൽ. പിന്നീടങ്ങോട്ട് ഉറുഗ്വെയും. എന്നിട്ടും മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല (0-0). പന്തടക്കത്തിൽ പോർച്ചുഗലാണ് മുന്നിട്ട് നിന്നത്. ആദ്യ പകുതിയിലെ 68 ശതമാനവും പന്തടക്കം പോർച്ചുഗലിനായിരുന്നു. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ ആര്‍ക്കും പ്രതിരോധം ഭേദിക്കാനായിരുന്നില്ല.

തുല്യശക്തികളുടെ പോരാട്ടത്തില്‍ കരുതലോടെയാണ് ടീമുകള്‍ തുടങ്ങിയത്. എന്നാലും ആദ്യത്തില്‍ പോർച്ചുഗലാണ് ഉറുഗ്വെൻ ഗോൾമുഖത്ത് അപകടം വിതച്ചത്. അതിനിടെ ആറാം മിനുറ്റില്‍ ഉറുഗ്വെന്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പെനാല്‍റ്റി ബോക്‌സില്‍ അപകടം വിതയ്ക്കാതെ പുറത്തേക്ക്‌ പോയി. അതിനിടെ ഉറുഗ്വെ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റന്‍ക്കര്‍ മികച്ച അവസരം പാഴാക്കി. പോര്‍ച്ചുഗീസ് ഡിഫന്‍റര്‍മാരെ വെട്ടിമാറ്റി ഗോള്‍മുഖത്ത് എത്തിയെങ്കിലും പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ മുന്നോട്ടുവന്ന് പന്തിന്റെ ദിശമാറ്റുകയായിരുന്നു. ഉറുഗ്വെ മത്സരത്തിലേക്ക് വന്നൊരു നിമിഷം. തുടര്‍ന്നും ഉറുഗ്വെന്‍ താരങ്ങളുടെ മുന്നേറ്റം.

ടീം ഇങ്ങനെ...

പ്രീക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗൽ ഇറങ്ങുന്നു. എതിരാളികളായി എത്തുന്നത് ഉറുഗ്വെ. ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. 4-3-3 ഫോര്‍മാറ്റിലാണ് പോര്‍ച്ചുഗല്‍ ടീം ഇറങ്ങുന്നത്. 

ടീം ഇങ്ങനെ: ഡീഗോ കോസ്റ്റ; കാൻസലോ, റൂബന്‍ ഡയസ്, പെപ്പെ, മെൻഡസ്, നെവെസ്, കാർവാലോ, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്; ഫെലിക്സ്, റൊണാൾഡോ. 

അതേസമയം 3-5-2 ഫോര്‍മാറ്റിലാണ് ഉറുഗ്വെ ടീം ഇറങ്ങുന്നത്. സൗത്ത് കൊറിയയോട് സമനില വഴങ്ങേണ്ടിവന്ന ഉറുഗ്വെയ്ക്ക് മത്സരഫലം നിർണായകമാണ്.

ടീം ഇങ്ങനെ:  റോച്ചെറ്റ്; ഗിമെനെസ്, ഗോഡിൻ, കോട്ട്സ്, വരേല, വാൽവെർഡെ, ബെന്റാൻകുർ, വെസിനോ, ഒലിവേര; ന്യൂനസ്, കവാനി

ഒരു സംഘമെന്ന നിലയിൽ പറങ്കിപ്പടയാണ് മുന്നിൽ. ഘാനയോട് അവസാന നിമിഷം വരെ പതറിയെങ്കിലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ അവർ സ്വന്തമാക്കിയിരുന്നു. റോണോയും, ജാവോ ഫെലിക്സും, റാഫേൽ ലിയോയും ഗോളടിച്ചു കഴിഞ്ഞു. ബെർണാഡോ സിൽവയും , ബ്രൂണോ ഫെർണാണ്ടസും കൂടി ഫോമിലെത്തിയാൽ പോർച്ചുഗലിനായി പ്രീക്വാർട്ടർ വാതിൽ തുറക്കപ്പെടും. പ്രതിരോധത്തിലെ പാളിച്ചകൾക്കും പരിഹാരം കാണേണ്ടതുണ്ട്.

മധ്യനിര താരം ഡാർവിൻ നൂനസിന്റെ പ്രകടനമാണ് ലാറ്റിനമേരിക്കകാർക്ക് ആശ്വസിക്കാൻ ഉള്ളത്. നിർണായക നിമിഷങ്ങളിൽ വലകുലുക്കുന്ന സുവാരസിന്റെ ബൂട്ടുകൾ ഇന്നും ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം ഒരിക്കലും എഴുതിതള്ളാനാകാത്ത എഡിസൻ കവാനിയും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News