പതിവ് തെറ്റിക്കാതെ സഞ്ജു; തകര്‍ത്തടിച്ച് തുടക്കം

തുടർച്ചയായി നാലാം ഐ.പി.എല്ലിലാണ് സഞ്ജു ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി തികക്കുന്നത്.

Update: 2023-04-02 12:38 GMT
Advertising

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തിൽ തന്നെ രാജകീയമായാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ തുടങ്ങിയത്. ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ തകർപ്പൻ അർധ സെഞ്ച്വറിയാണ്. 32 പന്തിൽ നാല് സിക്‌സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലാണ് സഞ്ജു അർധ ശതകം പൂർത്തിയാക്കിയത്.

തുടർച്ചയായി നാലാം ഐ.പി.എല്ലിലാണ് സഞ്ജു ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി തികക്കുന്നത്. 2020 ൽ 74, 2021 ൽ 119, 2022ൽ 55, 2023ൽ 55 ഇങ്ങനെയാണ് ഐ.പി.എൽ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോറുകൾ.

ബട്‌ലർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഉംറാന്‍ ഖാനും ഭുവനേശ്വർ കുമാറുമടക്കം ഹൈദരാബാദിന്റെ പേര് കേട്ട ബോളർമാരൊക്കെ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒടുക്കം 19 ാം  ഓവറില്‍ നടരാജന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുമെന്ന താരമെന്ന റെക്കോര്‍ഡും സഞ്ജു തന്‍റെ പേരില്‍ കുറിച്ചു. 725 റണ്‍സാണ് ഹൈദാബാദിനെതിരെ സഞ്ജുവിന്‍റെ അക്കൌണ്ടിലുള്ളത്. 

ശ്രീലങ്കക്കെതിരായ പരമ്പരയിൽ പരിക്കേറ്റ് പുറത്തായതിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു ആദ്യമായാണ് അതിന് ശേഷം ഒരു മത്സരത്തിനിറങ്ങുന്നത്. തുടക്കം തന്നെ താരം ഗംഭീരമാക്കി. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ ഫോമില്‍ അല്ലാത്ത പലരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ തഴഞ്ഞതില്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ വച്ച് ഏകദിന ലോകകപ്പ് അരങ്ങേറാനിരിക്കേ ഐ.പി.എല്ലില്‍ താരത്തിന്‍റെ പ്രകടനം നിര്‍ണായകമാണ്. 

അര്‍ധ സെഞ്ച്വറിയുമായി  സഞ്ജുവും ജോസ് ബട്‍ലറും യശസ്വി ജയസ്വാളും തകര്‍ത്തടിച്ചപ്പോല്‍  സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News