ക്ലൈമാക്‌സിൽ ഇറാൻ; ഇഞ്ചുറി ടൈം ഗോളിൽ ജപ്പാനെ കീഴടക്കി ഏഷ്യൻ കപ്പ് സെമിയിൽ

90 മിനിറ്റും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് ജപ്പാൻ പ്രതിരോധ താരം കളിമാറ്റിമറിക്കുന്ന പിഴവ് വരുത്തിയത്.

Update: 2024-02-04 01:44 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദോഹ: അത്യന്തം ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയിൽ. ഇഞ്ചുറി സമയത്ത് നേടിയ പെനാൽറ്റി ഗോളിലാണ് വിജയമുറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയിലേക്ക് വഴുതിയത്. ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.

അസ്‌മോനിനിന്റെ അസിസ്റ്റിൽ മുഹമ്മദ് മൊഹേബിയിലൂടെ (55) ഇറാൻ സമനില മടക്കി. ഇതോടെ അവസാന അരമണിക്കൂറിൽ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. ഒടുവിൽ 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ വിജയഗോൾ പിറന്നു. ഇറാനിയൻ താരം ഹുസൈനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കി.

90 മിനിറ്റും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് ജപ്പാൻ പ്രതിരോധ താരം കളിമാറ്റിമറിക്കുന്ന പിഴവ് വരുത്തിയത്. വാറിൽ പരിശോധന നടത്തിയാണ് റഫറി പെനാൽറ്റി വിധിച്ചത്. രണ്ടാം പകുതിയിൽ എട്ട് മിനിറ്റാണ് ഇഞ്ചുറി ടൈം അനുവദിച്ചത്. അവസാന രണ്ട് മിനിറ്റുകളിൽ ജപ്പാൻ ആക്രമണങ്ങളെ പ്രതിരോധിക്കാനായതോടെ ഖത്തറിന്റെ മണ്ണിൽ നടക്കുന്ന ഏഷ്യൻകപ്പിൽ സെമിയിലേക്ക് ഇറാൻ ടീം മാർച്ച് ചെയ്തു. നാലാം ക്വാർട്ടറിൽ ഖത്തർ ഉസ്ബകിസ്താനെ നേരിടും. നിലവിലെ ജേതാക്കളെന്ന ആത്മവിശ്വാസത്തിലാണ് ഖത്തർ എട്ടിന്റെ പോരാട്ടത്തിൽ ഇറങ്ങുന്നത്. മിന്നും ഫോമിലുള്ള അൽ മുഈസ് അലി, അക്രം അഫീഫ്, പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹസൻ അൽ ഹൈദ്രോസ് എന്നിവരിലാണ് ടീം പ്രതീക്ഷ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News