അജ്സലിന് ഹാട്രിക്ക് ; ആറ് ഗോൾ വഴങ്ങിയ കൊച്ചിക്ക് ആറാം തോൽവി

Update: 2025-11-09 16:16 GMT

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആറാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ്‌ എഫ്‍സിയാണ് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്. കാലിക്കറ്റ്‌ എഫ്സിക്കായി യുവതാരം മുഹമ്മദ്‌ അജ്സൽ ഹാട്രിക്ക് നേടി. ക്യാപ്റ്റൻ പ്രശാന്ത്‌ രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന്റെ വകയായിരുന്നു. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ്‌ ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ്.

Advertising
Advertising

കളിതുടങ്ങി അഞ്ച് മിനിറ്റിനിടെ നാല് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത കാലിക്കറ്റ്‌ അവ നഷ്ടപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ പത്തൊൻപതാം മിനിറ്റിൽ കാലിക്കറ്റ്‌ ആദ്യ ഗോൾ നേടി. ഇടതു വിങിൽ നിന്ന് ക്യാപ്റ്റൻ പ്രശാന്ത് നൽകിയ പന്ത്‌ പ്രയാസകരമായ ആങ്കിളിൽ നിന്ന് ഫസ്റ്റ്ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടർ 23 താരം മുഹമ്മദ്‌ അജ്സൽ . മുപ്പത്തിനാലാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. മധ്യനിരയിൽ നിന്ന് ആസിഫ് നീക്കി നൽകിയ പാസ് മുഹമ്മദ്‌ അജ്സൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു . ആറ് മിനിറ്റിനകം കാലിക്കറ്റ്‌ വീണ്ടും ഗോളടിച്ചു. മുഹമ്മദ്‌ റിയാസിന്റെ ക്രോസിനെ പ്രശാന്ത് സുന്ദരനൊരു ഫിനിഷിലൂടെ വലയിലിട്ടു. ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ്‌ അജ്സൽ ഹാട്രിക്കും കാലിക്കറ്റ്‌ നാലാം ഗോളും നേടി . ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. നാല് ഗോളുകളുള്ള മലപ്പുറം എഫ്സിയുടെ ജോൺ കെന്നഡിയാണ് രണ്ടാമത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽ കൊച്ചി ശ്രീരാജ്, സൂസൈരാജ്, അമോസ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. സിമിൻലെൻ ഡെങ്കൽ, ഷിഫിൽ എന്നിവർക്ക് കാലിക്കറ്റും അവസരം നൽകി. വേഗതയേറിയ നീക്കങ്ങളുമായി ഉഗാണ്ടക്കാരൻ അമോസ് കാലിക്കറ്റ് പോസ്റ്റിൽ നിരന്തരം ഭീഷണിയുയർത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ആദ്യ ഗോൾ പിറന്നു. അമോസിന്റെ ക്രോസ്സ് ഗോളിലേക്ക് നിറയൊഴിച്ച റൊണാൾഡ് വാൻ കെസൽ കാലിക്കറ്റ് ഗോൾവല കുലുക്കി. എൺപത്തിനാലാം മിനിറ്റിൽ ആസിഫിന്റെ പാസിൽ സിമിൻലെൻ ഡെങ്കൽ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 6-1. ഇഞ്ചുറി സമയത്ത് റൊണാൾഡ് വാൻ കെസൽ ഒരു ഗോൾ കൂടി നേടി കൊച്ചിയുടെ തോൽവിഭാരം കുറച്ചു. 2282 കാണികളാണ് മത്സരം കാണാൻ ഗ്യാലറിയിലെത്തിയത്.

നാളെ ആറാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News