ത്രില്ലർ ജയിച്ച് കാലിക്കറ്റ്‌ എഫ്സി

ഇഞ്ചുറി സമയത്താണ് കാലിക്കറ്റ്‌ രണ്ട് ഗോളുകളും നേടിയത്

Update: 2025-12-03 18:08 GMT

സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്ക്‌ അപ്രതീക്ഷിത തോൽവി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പത്താം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ടേബിൾ ടോപ്പേഴ്സായ കാലിക്കറ്റ്‌ എഫ്സിയാണ് 2-1 ന് കൊമ്പൻസിനെ തോൽപ്പിച്ചത്. ഇഞ്ചുറി സമയത്താണ് കാലിക്കറ്റ്‌ രണ്ട് ഗോളുകളും നേടിയത്. കൊമ്പൻസിനായി പൗലോ വിക്ടറും കാലിക്കറ്റിനായി റിങ്കണും അജ്സലും ഗോൾ നേടി. 10 കളികളിൽ 12 പോയന്റുള്ള കൊമ്പൻസിന്റെ സെമി സാധ്യത മങ്ങി.വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചിയോട് തോറ്റാൽ മാത്രമേ കൊമ്പൻസിന് സെമി സാധ്യതയുള്ളു.

Advertising
Advertising

ആറാം മിനിറ്റിൽ മുഹമ്മദ്‌ അസ്ഹർ ഇടതുവിങിലൂടെ മുന്നേറി നടത്തിയ ഷോട്ടിന് കാലിക്കറ്റ്‌ പോസ്റ്റിൽ അപകട ഭീഷണിയുയർത്താൻ കഴിഞ്ഞില്ല. പതിനാറാം മിനിറ്റിൽ കൊമ്പൻസ് ഗോൾ നേടി. ഇടതു വിങിൽ നിന്ന് ബാദിഷ് നൽകിയ പന്തിലേക്ക് ചാടിവീണ പൗലോ വിക്ടർ കൃത്യമായി ഫിനിഷ് ചെയ്തു (1-0). ഇരുപത്തിനാലാം മിനിറ്റിൽ ബ്രൂണോ കൂഞ്ഞയുടെ ക്ലോസ് റേഞ്ച് ഷോട്ട് കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത് തട്ടിത്തെറിപ്പിച്ചു. പരിക്കേറ്റ കാലിക്കറ്റ്‌ ക്യാപ്റ്റൻ അജയ് അലക്സ് കളം വിട്ടു. പകരമെത്തിയത് ഷഹബാസ് അഹമ്മദ്. പിന്നാലെ കൊമ്പൻസിന്റെ റിനാൻ റോച്ചക്കും കാലിക്കറ്റിന്റെ ആസിഫിനും മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യപകുതിയിൽ ഗോൾകീപ്പർ സത്യജിത് നടത്തിയ തകർപ്പൻ സേവുകളാണ് കൊമ്പൻസിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഗിലെ ടോപ് സ്കോറർ മുഹമ്മദ്‌ അജ്സലിനെ കാലിക്കറ്റ്‌ പകരക്കാരനായി കൊണ്ടുവന്നു. നിരന്തരം ആക്രമണങ്ങൾ നടത്തി ഗോൾ തിരിച്ചടിക്കാനുള്ള കാലിക്കറ്റിന്റെ ശ്രമങ്ങൾക്ക് ഇഞ്ചുറി സമയത്ത് ഫലം വന്നു. പെനാൽറ്റിയിലൂടെ റിങ്കണാണ്‌ കാലിക്കറ്റിന്റെ സമനില ഗോൾ നേടിയത്. പിന്നാലെ ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് ഗോളാക്കി മാറ്റിയ അജ്സൽ കാലിക്കറ്റ്‌ എഫ്സിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.കോഴിക്കോട് നടന്ന ആദ്യപാദത്തിൽ കാലിക്കറ്റ്‌ ഒരു ഗോളിന് കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു.

വ്യാഴാഴ്ച (ഡിസംബർ 4) ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. 

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News