ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ടീമുകളായി; ഇന്ററിനെ മടക്കി അത്‌ലറ്റികോയും അവസാന എട്ടിൽ

പിഎസ്‌വിയെ രണ്ട് ഗോളിന് തകർത്ത് ബൊറൂസിയ ഡോർട്ട്മുണ്ടും മുന്നേറി

Update: 2024-03-14 06:01 GMT
Editor : Sharafudheen TK | By : Web Desk

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മിലാനെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡും പിഎസ്‌വിയെ രണ്ടടിയിൽ വീഴ്ത്തി ബൊറൂസിയ ഡോർട്ട്മുണ്ടും ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ഇതോടെ അവസാന എട്ടിലെ ചിത്രം തെളിഞ്ഞു. സ്‌പെയിനിൽ നിന്ന് റയൽ മഡ്രിഡ്, ബഴ്‌സലോണ, അത്‌ലറ്റികോ എന്നീ ക്ലബുകളും ഇംഗ്ലണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സനൽ ക്ലബുകളും എട്ടിന്റെ കളിയ്ക്ക് യോഗ്യത നേടിയിരുന്നു. ജർമ്മനിയിൽ നിന്ന് ബയേൺമ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രാൻസിൽ നിന്ന് പിഎസ്ജി എന്നിവയാണ് മറ്റു ടീമുകൾ.

ആദ്യപദത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന അത്‌ലറ്റികോ മികച്ച തിരിച്ചു വരവാണ് സ്വന്തം തട്ടകത്തിൽ നടത്തിയത്. രണ്ടാം പാദ പ്രീ ക്വാർട്ടറിൽ (2-1) വിജയിച്ചെങ്കിലും ആദ്യ ലെഗിലെ തോൽവി സ്പാനിഷ് ക്ലബിന് തിരിച്ചടിയായി. ഇതോടെ മുഴുവൻ സമയവും എക്‌സ്ട്രാ സമയവും ഇരു ടീമുകളും (2-2) സമനില പാലിച്ചു. തുടർന്നു നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയൻ ഗോൾകീപ്പർ ജാൻ ഒബ്ലകിന്റെ മികച്ച സേവുകളാണ് അത്‌ലറ്റികോ മാഡ്രിഡിന് രക്ഷയായത്. ഇറ്റാലിയൻ ക്ലബിനായി കിക്കെടുത്ത അലക്‌സി സാഞ്ചസ്, ഡവി ക്ലാസൻ എന്നിവരുടെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടു. നിർണായക കിക്കെടുത്ത ലൗട്ടാരോ മാർട്ടിനസിന്റെ ഷോട്ട് പോസ്റ്റിന് ഏറെ വ്യത്യാസത്തിൽ പുറത്തേക്ക് പോയതോടെ സ്പാനിഷ് ക്ലബ് ക്വാർട്ടർ ബെർത്ത് ഉറപ്പാക്കി.

Advertising
Advertising

ഒരുഗോളിന് മുന്നിൽ നിന്ന ശേഷമാണ് മിലാൻ തോൽവി വഴങ്ങിയത്. 33ാം മിനിറ്റിൽ നിക്കോളോ ബരേലയുടെ പാസിൽ ഫെഡറികോ ഡിമാർകോയാണ് സന്ദർശകർക്കയി വലകുലുക്കിയത്. ഇതോടെ അഗ്രിഗേറ്റിൽ ഇറ്റാലിയൻ ക്ലബിന് രണ്ട് ഗോൾ മേധാവിത്വമായി. രണ്ട് മിനിറ്റിന് ശേഷം ഫ്രഞ്ച് മിഡ്ഫീൽഡർ അന്റോണിയോ ഗ്രീസ്മാനിലൂടെ ആതിഥേയർ സമനില പിടിച്ചു. രണ്ടാം ഗോൾ നേടാനുള്ള സ്പാനിഷ് ക്ലബിന്റെ ശ്രമങ്ങളെല്ലാം ഇന്റർമിലാൻ കൃത്യമായി പ്രതിരോധിച്ചു. ഇന്റർ ക്വാർട്ടറിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന നിർണായക ഗോളെത്തിയത്. ക്യാപ്റ്റൻ കോക്കെയുടെ പാസിൽ സ്‌ട്രൈക്കർ മെംഫിസ് ഡീപേ ക്ലിനിക്കൽ ഫിനിഷിങിലൂടെ (2-1) ലീഡ് നേടികൊടുത്തു. തുടർന്ന് എക്‌സ്ട്രാ സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ കീഴടക്കി. മൂന്നാം മിനിറ്റിലൽ ജേഡൻ സാഞ്ചോയും 90+5 മിനിറ്റിൽ മാർകോ റിയുസും ഗോൾ നേടി. നേരത്തെ ആദ്യ പദം 1-1 സമനിലയിലായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News