ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈം ഗോളിൽ ആഴ്‌സനൽ വീണു; ബാഴ്‌സയെ സമനിലയിൽ തളച്ച് നാപ്പോളി

90+4ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ ഗലേനോയാണ് തകർപ്പൻ ഷോട്ടിലൂടെ ഗണ്ണേഴ്സ് വല കുലുക്കിയത്.

Update: 2024-02-22 06:12 GMT
Editor : Sharafudheen TK | By : Web Desk

പോർട്ടോ: പ്രീമിയർ ലീഗിൽ കുതിക്കുന്ന ആഴ്‌സനലിന്  ചാമ്പ്യൻസ് ലീഗിൽ തിരിച്ചടി. പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയാണ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിലാണ് പോർട്ടോ സ്വന്തം കാണികൾക്കു മുന്നിൽ വിജയം ആഘോഷിച്ചത്. 94-ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ റോഡ്രിഗ്‌സ് ഗലേനോയാണ് തകർപ്പൻ ഷോട്ടിലൂടെ ഗണ്ണേഴ്‌സ് വല കുലുക്കിയത്.

Advertising
Advertising

പന്തടക്കത്തിലും പാസിങ് ഗെയിമിലുമെല്ലാം സന്ദർശകർ മുന്നിലായിരുന്നെങ്കിലും അവസാന മിനിറ്റിലെ പിഴവിൽ തോൽവി വഴങ്ങുകയായിരുന്നു. എഫ്.സി പോർട്ടോ ലക്ഷ്യത്തിലേക്ക് രണ്ട് തവണ നിറയുതിർത്തപ്പോൾ ഒരു തവണപോലും ആഴ്‌സനലിന് പോർട്ടോ ഗോളിയെ വിറപ്പിക്കാനായില്ല. എതിരാളികൾക്കുമേൽ തുടക്കം മുതൽ ആധിപത്യം പുലർത്തുന്ന പ്രീമിയർലീഗിലെ ശൈലി പിന്തുടരാൻ ആഴ്‌സനലിനായില്ല. ഇതോടെ മാർച്ച് 12ന് സ്വന്തം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ആഴ്‌സനലിന് നിർണായകമായി.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും ഇറ്റാലിയൻ ക്ലബ് നാപ്പോളിയും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്‌കി സ്പാനിഷ് സംഘത്തെ മുന്നിലെത്തിച്ചു. 75ാം മിനിറ്റിൽ വിക്ടർ ഒസിംഹനിലൂടെ ആതിഥേയർ സമനില പിടിച്ചു.

മറ്റൊരു മത്സരത്തിയ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പിഎസ്‌വി സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ചാമ്പ്യൻസ് ലീഗിലെ തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ജയം. എതിരില്ലാത്ത ഒരുഗോളിന്  സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിനെയാണ് കീഴടക്കിയത്. 79ാം മിനിറ്റിൽ മാർക്കോ അർമട്ടോവിചാണ് വിജയ ഗോൾ നേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News