ഒന്നാമതു തന്നെ: ലെസ്റ്ററിനെ തോല്‍പ്പിച്ച് വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്സണല്‍

ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിനായി വിജയഗോൾ നേടിയത്

Update: 2023-02-26 03:32 GMT
Advertising

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്ഷ്യമിട്ട് മുന്നേറുകയാണ് ആഴ്സണൽ. ലെസ്റ്റര്‍ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിന്റെ വിജയം. ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിനായി വിജയഗോൾ നേടിയത്. 24 മത്സരങ്ങളില്‍ നിന്ന് 57 പോയിന്‍റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ആഴ്സണല്‍ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വല കുലുക്കാനായില്ല. ട്രൊസാർഡ് ഒരു തവണ വലകുലുക്കിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ലെസ്റ്റര്‍ ഗോളിയെ ആഴ്സണല്‍ താരം ബെന്‍ വൈറ്റ് ഫൌള്‍ ചെയ്തെന്ന അപ്പീലിലാണ് ഗോള്‍ നിഷേധിക്കപ്പെട്ടത്. പിന്നാലെ ലെസ്റ്ററിനായി ഇയാനാച്ചോ വല ചലപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ആഴ്സണല്‍ വിജയക്കുതിപ്പ് തുടര്‍ന്നു. ട്രൊസാർഡിന്‍റെ അസിസ്റ്റിൽ മാർട്ടിനെല്ലിയാണ് ഗോളടിച്ചത്. പിന്നാലെ സാക വല കുലുക്കിയെങ്കിലും അത് ഓഫ്സൈഫായിരുന്നു. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ ലെസ്റ്റർ ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ 25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ്.

പ്രതിരോധത്തിലും ആക്രമണത്തിലുമെല്ലാം സിറ്റിയായിരുന്നു മുന്‍പില്‍. ജൂലിയസ് അല്‍വാരസാണ് 15ആം മിനിട്ടില്‍ ഗോള്‍വേട്ട തുടങ്ങിയത്. 29ആം മിനിട്ടില്‍ ഹാളണ്ടും 45ആം മിനിട്ടില്‍ ഫില്‍ ഫോഡനും ഗോളടിച്ചു. ആദ്യ പകുതിയില്‍ സിറ്റി മൂന്നു ഗോളടിച്ചതിന് പിന്നാലെ 51ആം മിനിട്ടില്‍ ക്രിസ് മെഫാമിന്‍റെ ഓണ്‍ ഗോള്‍ കൂടിയായതോടെ ബോൺമൗത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി. 83ആം മിനിട്ടില്‍ ലെര്‍മയിലൂടെ ബോൺമൗത്ത് വലകുലുക്കിയെങ്കിലും ഇനിയൊരു പോരാട്ടത്തിനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News