ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ഉയർത്തെഴുന്നേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Update: 2021-10-31 01:33 GMT
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റിന് തകര്‍പ്പന്‍ ജയം. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റത് ഇന്നലെ ലണ്ടണിൽ കരുത്തരായ സ്പർസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് വീഴ്ത്തിയാണ്.

39ആം മിനുട്ടിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ നേടി. പോർച്ചുഗീസ് കൂട്ടുകെട്ടാണ് യുണൈറ്റഡ് ഗോളിൽ കലാശിച്ചത്. ബ്രൂണോയുടെ ക്രോസ് അതിഗംഭീര വോളിയിലൂടെ റൊണാൾഡോ വലയിൽ എത്തിച്ചു. നാലു മത്സരങ്ങൾക്ക് ശേഷം ആണ് റൊണാൾഡോ ലീഗിൽ ഒരു ഗോൾ നേടുന്നത്.

രണ്ടാം പകുതിയിൽ റൊണാൾഡോ യുണൈറ്റഡിന്റെ രണ്ടാം ഗോളിലും പ്രധാന പങ്കുവഹിച്ചു. ബ്രൂണോ തുടങ്ങിയ അറ്റാക്ക് റൊണാൾഡോയിലേക്ക് എത്തുകയും റൊണാൾഡോ കവാനിയെ കണ്ടെത്തുകയും ചെയ്തു. കവാനി ഗോൾ പോസ്റ്റിന് മുന്നിലെ തന്റെ മികവ് കാണിച്ചു കൊണ്ട് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന് ശേഷം റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ച് യുണൈറ്റഡ് വിജയം ഉറപ്പിക്കാനായി ഡിഫൻസീവ് ടാക്ടിക്സിലേക്ക് മാറി. 87ആം മിനുട്ടിൽ യുണൈറ്റഡ് റാഷ്ഫോർഡിലൂടെ മൂന്നാം ഗോളും നേടി 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ ആഴ്സണല്‍ ലെസ്റ്റര്‍ സിറ്റിയേയും ചെല്‍സി ന്യൂകാസ്റ്റിലിനേയും പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്റെ വിജയം. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കായിരുന്നു ചെല്‍സി ന്യൂകാസ്റ്റിലിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കുരുക്കി.

സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയെ അലാവിസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി.മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സീരി എയില്‍ യുവന്റസിനെ ഹെല്ലാസ് വെറോണ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു. വെറോണയുടെ വിജയം.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News