പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; ലാലിഗയിൽ കാലിടറി അത്‍ലറ്റിക്കോ
ലണ്ടൻ: ബ്രന്റ്ഫോഡിനെതിരെ നേടിയ രണ്ടുഗോൾ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ. 90 മിനുറ്റ് വരെ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഡാർവിൻ ന്യൂനസ് നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന് തുണയായത്.
മത്സരത്തിലുടനീളം 37 ഷോട്ടുകൾ ലിവർപൂൾ പായിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായിരുന്നില്ല. ഇതിന് ശേഷമായിരുന്നു ന്യൂനസിന്റെ ലേറ്റ് എൻട്രി. ജയത്തോടെ ലിവർപൂളിന് 21 മത്സരങ്ങളിൽ 50 പോയന്റായി. പോയ രണ്ട് മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയ ലിവർപൂളിന് ഉണർവേകുന്നതാണ് ഈ വിജയം.
അതേ സമയം ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ അത്‍ലറ്റിക്കോ മാഡ്രിഡിന് കാലിടറി. ലീഗിലെ 15ാം സ്ഥാനക്കാരായ ലെഗാനസാണ് അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ചത്. 49ാം മിനുറ്റിൽ മറ്റിൽജ നസ്താസികിന്റെ ഗോളിൽ മുന്നിലെത്തിയ ലെഗാനസിന് മറുപടി നൽകാൻ 90ാം മിനുറ്റിൽ അത്‍ലറ്റിക്കോക്ക് പെനൽറ്റി വീണുകിട്ടി. പക്ഷേ കിക്കെടുത്ത ഗ്രിസ്മാൻ പുറത്തേക്കടിച്ചു. തുടർച്ചയായ 15 വിജയങ്ങൾക്ക് ശേഷമാണ് അത്‍ലറ്റിക്കോ തോൽവിയറിയുന്നത്. 20 മത്സരങ്ങളിൽ 44 പോയന്റുള്ള അത്‍ലറ്റിക്കോ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഒരു മത്സരം കുറിച്ച റയൽ മാഡ്രിഡിന് 43 പോയന്റുണ്ട്.