'പെപ് ഗ്വാർഡിയോളക്കും മൊറീഞ്ഞോയ്ക്കും ഒന്നും ചെയ്യാനാകില്ല'; ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് ഇഗോർ സ്റ്റിമാച്ച്

"ഐഎസ്എല്ലിൽ മിക്ക പ്രധാന പൊസിഷനുകളും വിദേശ കളിക്കാർ കൈയടക്കി വച്ചിരിക്കുകയാണ്"

Update: 2021-06-19 11:05 GMT
Editor : abs | By : Sports Desk

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മോശം പ്രകടനങ്ങളെ ന്യായീകരിച്ച് കോച്ച് ഇഗോർ സ്റ്റിമാച്ച്. തനിക്കല്ല, പെപ് ഗ്വാർഡിയോള, ജോസ് മൊറീഞ്ഞോ തുടങ്ങിയ വിഖ്യാത കോച്ചുമാർക്കു പോലും ഈ സാഹചര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് സ്റ്റിമാചിന്റെ പ്രതികരണം. പരിശീലക സ്ഥാനത്തു നിന്ന് ക്രൊയേഷ്യൻ കോച്ചിനെ മാറ്റിയേക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

സ്റ്റീഫൻ കോൺസ്റ്ററ്റൈനു പകരമെത്തിയ സ്റ്റിമാച്ചുമായുള്ള കരാർ 2021 സെപ്തംബറിലാണ് അവസാനിക്കുന്നത്. കോച്ചുമായുള്ള കരാർ പുതുക്കില്ലെന്നാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

Advertising
Advertising

ഗുണമേന്മയും സാങ്കേത്തികത്തികവുമുള്ള താരങ്ങളുടെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നമെന്ന് സ്റ്റിമാച്ച് പറയുന്നു. സുനിൽ ഛേത്രിക്ക് പകരം വയ്ക്കാനായി ഒരു താരം പോലും നിലവിൽ ഇന്ത്യയിലില്ല. ക്ലബുകളിൽ നിന്ന് വരുന്ന താരങ്ങളെയാണ് ദേശീയ ടീമിൽ ഉപയോഗിക്കുന്നത്. ദേശീയ ടീം ഒരു അക്കാദമിയല്ല. കളിക്കാരെ നിർമിക്കുന്ന ഫാക്ടറിയുമല്ല. രാജ്യത്തെ പ്രമുഖ ലീഗായ ഐഎസ്എല്ലിലെ എല്ലാ ദൗർബല്യവും ദേശീയ ടീമിലുമുണ്ട്- അദ്ദേഹം പറയുന്നു.

ഐഎസ്എല്ലിൽ മിക്ക പ്രധാന പൊസിഷനുകളും വിദേശ കളിക്കാർ കൈയടക്കി വച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ കളിക്കാരുടെ തെരഞ്ഞെടുപ്പിന് ലഭിക്കുന്ന സൗകര്യം പരിമിതമാണ്. ടൂർണമെന്റിൽ റിലഗേഷൻ (കളിക്കാത്ത ടീമുകൾ പുറത്തുപോകുന്നത്) ആവശ്യമാണ്. കളി മെച്ചപ്പെടുത്താൻ ഐ ലീഗിൽ ഒരു വിദേശ സ്‌ട്രൈക്കറെ പോലും അനുവദിക്കരുത്. അപ്പോഴാണ് ഇന്ത്യൻ സ്‌ട്രൈക്കർമാർക്കും മിഡ്ഫീൽഡർമാർക്കും വഴി തുറന്നു കിട്ടുക. അത് ദേശീയ തലത്തിൽ ഏറെ ഗുണം ചെയ്യും- സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ഒന്നിച്ചു ജോലി ചെയ്യുന്നതിൽ അഭിമാനമുണ്ട്. ഭാവിയിലേക്ക് ഞങ്ങൾക്കൊരു നല്ല പദ്ധതിയുണ്ട്. അത് എഐഎഫ്എഫ് ടെക്‌നികൽ കമ്മിറ്റിക്ക് മുമ്പാകെയാണ്. അവർ തന്റെ പ്രകടനത്തിൽ സംതൃപ്തനല്ലെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഇയിൽ ആറു കളികളിൽ നിന്ന് ഏഴു പോയിന്റ് നേടി മൂന്നാമതായാണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News