മടങ്ങിവരവിൽ ഗോളടിച്ച് ഛേത്രി; 489 ദിവസങ്ങൾക്ക് ശേഷം ഇന്ത്യക്ക് ജയം
ഷില്ലോങ്: മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് എതിരില്ലാത്ത മൂന്നുഗോളുകൾ ജയം. രാഹുൽ ബെക്കേ, ലിസ്റ്റൺ കൊളാസോ, സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യക്കായി ഗോൾകുറിച്ചത്. വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തിയ ഛേത്രി കരിയറിലെ 95ാം ഗോളുമായി മത്സരം അവിസ്മരണീയമാക്കി.
34ാം മിനുറ്റിൽ കോർണർകിക്കിന് തലവെച്ച് ബേക്കേയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 63ാം മിനുറ്റിൽ കോർണർകിക്ക് ഹെഡറിലൂടെ ഗോളാക്കി കൊളാസോ ഇന്ത്യയുടെ ലീഡുയർത്തി. 76ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ.
ഫിഫ റാങ്കിങ്ങിൽ 162ാം സ്ഥാനത്താണ് മാലദ്വീപ്. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം പകരുന്നതാണ് ഈ ജയം. ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ മാർച്ച് 25ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹോങ്കോങ്, സിംഗപ്പൂർ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റുടീമുകൾ.
2023 നവംബർ 16ന് ശേഷം ഇന്ത്യ ഒരു മത്സരത്തിൽ വിജയിക്കുന്നത് ഇതാദ്യമായാണ്.
2024ൽ ഇന്ത്യ 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും ഒന്നിലും വിജയിക്കാനായില്ല. ആസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ഖത്തർ എന്നീ ടീമുകളോട് ഓരോ തവണയും സിറിയയോട് രണ്ട് തവണയും ഇന്ത്യ പരാജയപ്പെട്ടു. അഫ്ഗാൻ, കുവൈത്ത്, മൗറീഷ്യസ്, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളോട് സമനിലയും വഴങ്ങി.