2 റെഡ് കാർഡ്, 3 പെനാൽറ്റി, 5 ഗോള്‍: ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ററിനെ പരാജയപ്പെടുത്തി യുവന്റസ്

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റേയും ജയം

Update: 2021-05-16 01:54 GMT
Editor : ubaid | By : Web Desk

ആവേശം അവസാന മിനുറ്റ് വരെ വീണ്ടു നിന്ന സീരി എ മത്സരത്തില്‍ ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ട് യുവന്റസ് അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ കാത്തു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റേയും ജയം. മൂന്ന് പെനാൽറ്റികളും, അഞ്ച് ഗോളുകളും, രണ്ട് ചുവപ്പ് കാർഡുകളും കണ്ട മത്സരം ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചെടുത്തോളം നല്ല ത്രില്ലറായിരുന്നു.

മത്സരത്തിന്റെ 23ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് യുവന്റസിന്റെ ആദ്യ ഗോൾ. ചില്ലിനിയെ ഇന്റർ താരം പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുക്കാനെത്തിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ‌. ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത പെനാൾട്ടി ഹാൻഡനോവിച് സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. ഇന്റർ സമനില നേടിയതും പെനാൾട്ടിയിൽ നിന്നായിരുന്നു. ഡിലൈറ്റ് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 34ആം മിനുട്ടുൽ ലുകാകു പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കൊഡ്രാഡോയിലൂടെ യുവന്റസ് ലീഡ് തിരികെയെടുത്തു.

Advertising
Advertising

Full View

രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡും, അതിലൂടെ ചുവപ്പ് കാർഡും കണ്ട് ബെന്റക്കർ പുറത്തു പോയത് യുവന്റസിനെ പ്രതിരോധത്തിലാക്കി. 83ആം മിനുട്ടിൽ യുവന്റസ് ക്യാപ്റ്റൻ ചെല്ലിനി സെൽഫ് ഗോൾ വഴങ്ങിയതോടെ ഇന്റർ സമനില പിടിച്ചു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ വി.എ.ആർ പരിശോധനക്ക് ശേഷമാണ് റഫറി ആ ഗോൾ ഇന്ററിന് അനുവദിച്ചത്. 88ആം മിനുട്ടിൽ വീണ്ടും ഒരു പെനാൾട്ടി യുവന്റസിന് അനുകൂലമായി വന്നതോടെ അവർക്ക് വിജയം ഉറപ്പിക്കാൻ ആയി. കൊഡ്രാഡോയെ ബോക്സിനുള്ളിൽ വെച്ച് പെരിസിച്ച് ഫൗൾ ചെയ്തതിന് യുവന്റസിന് അനുകൂലമായിട്ടായിരുന്നു പെനാൽറ്റി. കൊഡ്രാഡോ ആണ് യുവന്റസിന്റെ രണ്ടാം പെനാൾറ്റി എടുത്ത് ലക്ഷ്യത്തിൽ എത്തിച്ചത്. അവസാനം ഇന്റർ താരം ബ്രൊസൊവിചും ചുവപ്പ് കണ്ട് പുറത്തായി.

ഈ വിജയത്തോടെ യുവന്റസിന് 75 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.  ബോളോഗ്നക്കെതിരായ അവസാന ലീഗ് മത്സരത്തിൽ വിജയം നേടുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ യുവന്റസിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനാകും.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News