കിങ്‌സ് കപ്പിൽ ഇന്ത്യക്ക് വീണ്ടും തോൽവി

ഏകപക്ഷീയമായ ഒരു ഗോളിന് ലബനാനാണ് ഇന്ത്യയെ തോൽപ്പിച്ചത്

Update: 2023-09-10 12:55 GMT
Editor : abs | By : Web Desk

ചിയാങ് മായ്: കിങ്‌സ് കപ്പിൽ മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ലബനാനു മുമ്പിൽ കീഴടങ്ങി ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ തോൽവി. 77-ാം മിനിറ്റിൽ അൽ ഖാസിം അൽ സെയ്‌നാണ് ലബനാനു വേണ്ടി ഗോൾ കണ്ടെത്തിയത്.

സ്വന്തം ഹാഫിലെ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഡിഫന്‍ഡര്‍ അൻവർ അലിക്കു വന്ന വീഴ്ചയാണ് ഗോളിന് വഴി വച്ചത്. എതിർ കളിക്കാരനെ കവർ ചെയ്യുന്നതിനിടെ സ്വന്തം ദേഹത്ത് തട്ടി പന്ത് കോർണറായി. അൽ ഹാജ് എടുത്ത കോർണർ കിക്കിൽ സബ്ര മികച്ചൊരു ഹെഡർ തൊടുത്തെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് സന്ധു സേവ് ചെയ്തു. തൊട്ടുമുമ്പിൽ വീണ പന്ത് അക്രോബാറ്റിക് ഫിനിഷിലൂടെ അൽ സെയ്ൻ വലയിലെത്തിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ ഓഫ്‌സൈഡിനായി വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല.

Advertising
Advertising

ഗോൾ വീണതിന് പിന്നാലെ ഇന്ത്യ ആക്രമണം ശക്തമാക്കിയെങ്കിലും എതിർ പ്രതിരോധം ഉറച്ചുനിന്നു. 94-ാം മിനിറ്റിൽ ചാങ്‌തെ ഉയർത്തി നൽകിയ പാസിൽ ഇന്ത്യയ്ക്ക് ഒപ്പമെത്താനുള്ള സുവർണാവസരം കിട്ടിയെങ്കിലും രോഹിത് കുമാറിന് അതു മുതലാക്കാനായില്ല.

ഈ വർഷം ലബനാനുമായി മൂന്നു തവണ ഏറ്റുമുട്ടിയതിൽ രണ്ടു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. കിങ്‌സ് കപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം  തോൽവിയാണിത്. ആദ്യ മത്സരത്തിൽ കരുത്തരായ ഇറാഖിനോട് പെനാൽറ്റിയിലാണ് ഇന്ത്യ കീഴടങ്ങിയിരുന്നത്. 



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News