ഉറ്റചങ്ങാതിമാര്‍ ഇന്ന് നേര്‍ക്കുനേര്‍; ജയം ആര്‍ക്കൊപ്പം?

ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഹക്കീമിക്ക് തന്നെയാകും

Update: 2022-12-14 03:32 GMT
Advertising

ഫ്രാൻസ് - മൊറോക്കൊ സെമി ഫൈനൽ രണ്ട് സുഹൃത്തുക്കളുടെ പോരാട്ടം കൂടിയാണ്. പിഎസ്ജിയിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കിമിയും. ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഹക്കീമിക്ക് തന്നെയാകും.

അഷ്റഫ് ഹക്കീമി- ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്ക്. ഈ വർഷം ജനുവരി 26ന് കിലിയൻ എംബാപ്പെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ആ ഏറ്റവും മികച്ചവൻ ഇന്ന് എംബാപ്പെയെ തന്നെ പൂട്ടാൻ എത്തുകയാണ്. ഒരേ പ്രായം. ഒരേ ക്ലബ്ബിലെ ഉറ്റ സുഹൃത്തുക്കൾ. ഒന്നിച്ചിരുന്ന് വീഡിയോ ഗെയിം കളിക്കുക, ഭക്ഷണം പങ്കുവെക്കുക, വിമാനത്തിൽ അടുത്തടുത്തുള്ള സീറ്റുകളിലിരിക്കുക... ഒരുമിച്ച് ഗോൾ ആഘോഷിക്കുന്നതുപോലും പതിവ്..

സെമിയിൽ ഇരു ടീമുകളും നേർക്കുനേർ വരുമെന്ന് ഉറപ്പായതോടെ ഹക്കീമിയുടെ ഒരു ട്വീറ്റ് വന്നു. എംബാപ്പെയെ ടാഗ് ചെയ്ത് അതിൽ ഇങ്ങനെ കുറിച്ചു- നമുക്ക് ഉടനെ കാണാം പ്രിയ സുഹൃത്തെ. ഖത്തറിൽ എത്തിയപ്പോൾ ഹക്കീമിക്കൊപ്പമുള്ള ചിത്രം എംബാപ്പെയും പങ്കുവെച്ചിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ അഞ്ച് ഗോളുമായി മുൻപന്തിയിലാണ് എംബാപ്പെ. ഗോൾ വഴങ്ങുന്നതിൽ ഏറ്റവും പിശുക്കുള്ള ടീം മൊറോക്കൊ. ആ പ്രതിരോധം നയിക്കുന്നത് ഹക്കീമിയും. പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുന്നവർ ദേശീയ ജേഴ്സിൽ നേർക്കുനേർ വരുന്നു.

രണ്ടു പേർക്കും പരസ്പരം നന്നായി അറിയാം. സുഹൃത്തിന്‍റെ പ്രതിരോധം നിശ്ചയമായും തകർക്കുമെന്ന് പറയുന്നു എംബാപ്പെ. ഹക്കീമിക്കാകട്ടെ പ്രതിരോധത്തിനൊപ്പം ആക്രമിച്ച് മുന്നേറുകയും വേണം. ഉറ്റചങ്ങാതിമാരുടെ നേർക്കുനേർ പോരിൽ ആരാകും ജേതാവാകുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News