18 വർഷത്തിന് ശേഷം ബുസ്‌കെറ്റ്‌സ് ബാഴ്സലോണ വിടുന്നു; താരവും സൗദിയിലേക്കോ?

ബാഴ്‌സലോണ ഓഫർ ചെയ്ത പുതിയ കരാർ മുന്നിലുണ്ടായിട്ടും താരം ക്ലബ്ബ് വിടണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു

Update: 2023-05-10 14:58 GMT
Editor : abs | By : Web Desk

സെർജിയോ ബുസ്‌കെറ്റ്‌സ്

പതിനെട്ട് വർഷത്തെ ബാഴ്‌സ കരിയർ അവസാനിപ്പിക്കാൻ സെർജിയോ ബുസ്‌കെറ്റ്‌സ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ക്ലബ്ബിനായി നിരവധി കിരീടങ്ങൾ നേടിയ ശേഷമാണ് ബുസ്‌കെറ്റ്‌സ് ജേഴ്‌സി അഴിക്കുന്നത്. താരം സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ബാഴ്‌സലോണ ഓഫർ ചെയ്ത പുതിയ കരാർ മുന്നിലുണ്ടായിട്ടും താരം ക്ലബ്ബ് വിടണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

'അവിസ്മരണീയമായ യാത്ര അവസാനിപ്പിക്കുന്നു. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഇപ്പോൾ സമയമായി. ഈ ജഴ്സി അണിയാൻ കഴിഞ്ഞത് ഒരു ബഹുമതിയും സ്വപ്നവും അഭിമാനവുമാണ്. എന്നാൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്'- 34 കാരനായ ബുസ്‌കെറ്റ്സ് പറഞ്ഞു.

Advertising
Advertising

2005-ൽ ക്ലബ്ബിനൊപ്പം ചേരുന്ന മുൻ സ്പാനിഷ് ക്യാപ്റ്റൻ ബാഴ്സ കുപ്പായത്തിൽ 718 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അണ്ടർ 19 എ ടീമിനൊപ്പം രണ്ട് സീസണുകൾ കളിച്ച ശേഷം പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച ബാഴ്സ ബി ടീമിലേക്ക് മാറി. 2008-ൽ ബാഴ്‌സയിൽ അരങ്ങേറ്റ മത്സരം. 15 വർഷത്തെ തന്റെ ബാഴ്സ കരിയറിൽ താരം 18 ഗോളുകൾ നേടുകയും 40 അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ്, മൂന്ന് തവണ ക്ലബ്ബ് വേൾഡ് കപ്പ്, എട്ട് തവണ ലാലീഗ കിരീടം, മൂന്ന് തവണ യുവേഫ സൂപ്പർ കപ്പ്, ഏഴ് കോപ്പ ഡെൽറെ, ഏഴ് തവണ സ്പാനിഷ് സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾ ബുസ്‌കെറ്റ്സ് ബാഴ്‌സയ്ക്കായി സമ്മാനിച്ചു. ജൂൺ 6 ന് ടോക്കിയോയിൽ വിസൽ കോബെയ്ക്കെതിരെ പ്രഖ്യാപിച്ച സൗഹൃദമത്സരമായിരിക്കും ബുസ്‌കെറ്റ്‌സിന്റെ അവസാന മത്സരം.


2010-ൽ സ്‌പെയിനിനൊപ്പം ലോകകപ്പും 2012-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും ബുസ്‌കെറ്റ്സ് നേടി. അതേസമയം, എഫ്സി ബാഴ്സലോണ അഞ്ച് മത്സരങ്ങൾ ശേഷിക്കെ ലാ ലിഗയിൽ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News