തരംതാഴ്ത്തപ്പെട്ട ക്ലബ്ബിൽ നിന്ന് "തടിതപ്പി" കളിക്കാർ

യൂറി തീലെമാൻസ് അടക്കം ഏഴ് കളിക്കാരെ റിലീസ് ചെയ്യുന്നതായി ലെസ്റ്റർ സിറ്റി സ്ഥിരീകരിച്ചു

Update: 2023-06-06 08:40 GMT
Editor : André | By : Web Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിനു പിന്നാലെ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയിൽ നിന്ന് കളിക്കാർ കൂട്ടത്തോടെ പുറത്തേക്ക്. അടുത്ത സീസണിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ടീമിൽ നിന്ന് ഏഴ് താരങ്ങളാണ് പുറത്തുപോകുമെന്ന് ഉറപ്പായിരിക്കുന്നത്. രണ്ട് താരങ്ങൾ പുതിയ ക്ലബ്ബ് നോക്കുന്ന തിരക്കിലുമാണ്.

കഴിഞ്ഞ സീസണോടെ അവസാനിച്ച കരാർ പുതുക്കാൻ തായാറാകാതെ ക്ലബ്ബ് വിടുന്ന മിഡ്ഫീൽഡർ യൂറി തീലെമാൻസ് ആണ് പുതിയ ക്ലബ്ബ് നോക്കുന്നവരിൽ പ്രമുഖൻ. ബെൽജിയൻ താരത്തിനു പുറമെ കാഗ്ലർ സോയുൻകു, ഡാനിയർ അമാർട്ടി, അയോസെ പെരസ്, നംപാലിസ് മെൻഡി, റയാൻ ബെർട്രന്റ്, ടെറ്റെ എന്നിവരും ക്ലബ്ബ് വിടുന്നതായി ലെസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. വെറ്ററൻ താരം ജോണി ഇവാൻസിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ ചർച്ച നടന്നുവരികയാണ്.

26-കാരനായ തീലെമാൻസ് ആസ്റ്റൻ വില്ലയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. അത് യാഥാർത്ഥ്യമായാൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിനു പുറമെ യൂറോപ്പ കോൺഫറൻസ് ലീഗിലും കളിക്കാൻ താരത്തിന് കഴിയും. വലതു വിങ് ബാക്ക് ആയ കാഗ്ലർ സോയുൻകു സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ട്. ലെസ്റ്ററിൽ നിന്ന് ലോണിൽ റയൽ ബെറ്റിസിന് കളിക്കുന്ന അയോസെ പെരസ് സ്‌പെയിനിൽ തന്നെ തുടരാനാണ് സാധ്യത. 

അറ്റാക്കിങ് മിഡ്ഫീൽഡർ ജെയിംസ് മാഡിസൺ, വിംഗർ ഹാവി ബാൺസ് എന്നിവരും ക്ലബ്ബ് വിടാൻ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാഡിസണു വേണ്ടി ന്യൂകാസിലും ബാൺസിനു വേണ്ടി ടോട്ടനം ഹോട്‌സ്പറും രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തവണ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ന്യൂകാസിൽ അടുത്ത തവണ ചാമ്പ്യൻസ് ലീഗിനുണ്ടാകും.

2014-ൽ പ്രീമിയർ ലീഗിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയും 2016-ൽ ലീഗ് കിരീടം നേടി ഫുട്‌ബോൾ ലോകത്തെ അമ്പരിപ്പിക്കുകയും ചെയ്ത ലെസ്റ്റർ 2021-ൽ എഫ്.എ കപ്പും നേടിയിരുന്നു. എന്നാൽ, 2022-23 സീസണിൽ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. 38 മത്സരങ്ങളിൽ നിന്ന് വെറും ഒമ്പത് ജയം മാത്രം നേടിയ ലെസ്റ്റർ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആരാധകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് കോച്ച് ബ്രണ്ടൻ റോജേഴ്‌സ് ക്ലബ്ബ് വിട്ടിരുന്നു. സീസണിലെ അവസാന മത്സരങ്ങളിൽ ഡീൻ സ്മിത്ത് ആണ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News