സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സുമായി പോരാട്ടം; ആദ്യം ചിരിയാണ് വന്നതെന്ന് ബംഗളൂരു പരിശീലകൻ

ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി പോരാട്ടം.

Update: 2023-03-08 05:29 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഹീറോ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മത്സരമുണ്ട് എന്നറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് ബംഗളൂരു എഫ്‌സി പരിശീലകൻ സൈമൺ ഗ്രേസൺ. ഇതുമായി ബന്ധപ്പെട്ട് തന്റെ ടീം അംഗങ്ങൾക്ക് ഒരു സന്ദേശം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മുംബൈ സിറ്റിക്കെതിരെയുള്ള ഐഎസ്എല്ലിലെ ആദ്യ പാദ സെമി ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്രേസൺ. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഏക ഗോളിൽ ബംഗളൂരു വിജയിച്ചു.

'സൂപ്പർ കപ്പിൽ കേരളത്തിന്റെ കൂടെയാണ് എന്നത് താത്പര്യജനകമാണ്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാവരും ആദ്യം ചിരിച്ചു. വ്യത്യസ്ത തരം ആളുകളിൽ നിന്ന് പലതരം കാര്യങ്ങൾ കേൾക്കുമെന്ന് ഞാൻ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. അത് നമ്മെ ബാധിക്കാൻ പാടില്ല. നമ്മൾ മത്സരം ജയിച്ചു. ഇപ്പോൾ മുംബൈക്കെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ശ്രദ്ധ. കളിക്കാർ പറഞ്ഞതു ചെയ്തു.' - അദ്ദേഹം പറഞ്ഞു.

പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീക്കിക്ക് ഗോളിലാണ് ബംഗളൂരു കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തിയിരുന്നത്. ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്കരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. വീണ്ടും കളി നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം ഐഎസ്എൽ അധികൃതർ തള്ളി.

ഇന്നലെ മുംബൈക്കെതിരെയുള്ള മത്സരത്തിലും സുനിൽ ഛേത്രിയാണ് ബംഗളൂരുവിന് വേണ്ടി ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 78-ാം മിനിറ്റിൽ ഇടതു വിങ് ബാക്ക് റയോറം റോഷൻ എടുത്ത കോർണറിൽ തലവച്ചാണ് ഛേത്രി ഗോൾ കണ്ടെത്തിയത്. 

'എങ്ങനെ കളിക്കണമെന്ന് ഛേത്രിക്ക് ഒരുപാട് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കുറച്ച് ആഴ്ചകളായി അടങ്ങാത്ത ഗോൾദാഹമാണ് അവന്. കൗണ്ടർ അറ്റാക്കിൽ ശിവശക്തിയുടെ വേഗം ഉപയോഗപ്പെടുത്താം എന്നതു കൊണ്ടാണ് ഛേത്രി ആദ്യ ഇലവനിൽ ഇല്ലാതിരുന്നത്. പിന്നീട് അവൻ (ഛേത്രി) ആവശ്യമായത് ചെയ്തു' - ക്യാപ്റ്റന്റെ പ്രകടനം ഗ്രേസൺ വിലയിരുത്തി. 



സൂപ്പർ കപ്പിൽ ഒരേ ഗ്രൂപ്പിൽ

അടുത്ത മാസം ആരംഭിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഒരേ ഗ്രൂപ്പിലാണ്. കോഴിക്കോടും മഞ്ചേരിയുമാണ് ടൂർണമെൻറിന് വേദിയാകുക. ഏപ്രിൽ മൂന്നു മുതൽ 25 വരെയാണ് മത്സരങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഏപ്രിൽ മൂന്നു മുതൽ ആറു വരെ ക്വാളിഫൈയിങ് മത്സരങ്ങളാണ്.

ഗ്രൂപ്പ് എയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും. ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയും ക്വാളിഫയർ ഒന്നിലെ വിജയികളും ഈ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബി ഇങ്ങനെ; ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി, ക്വാളിഫയർ മൂന്നിലെ വിജയി. മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ക്വാളിഫയർ രണ്ടിലെ വിജയി എന്നിവർ അടങ്ങുന്നതാണ് ഗ്രൂപ്പ് സി. ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ക്വാളിഫയർ നാലിലെ വിജയി എന്നിവരാണ് ഗ്രൂപ്പ് ഡി.

ഏപ്രിൽ 21ന് കോഴിക്കോട്ടും 22 ന് മഞ്ചേരിയിലുമാണ് സെമി ഫൈനൽ മത്സരങ്ങൾ. ഏപ്രിൽ 25ന് നടക്കുന്ന ഫൈനലിന് കോഴിക്കോട് വേദിയാകും. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹീറോ കപ്പിന്റെ ആവേശമെത്തുന്നത്. 2019 ൽ എഫ്‌സി ഗോവയായിരുന്നു ചാമ്പ്യന്മാർ.

ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി പോരാട്ടം.  





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News